വിദ്യക്ക് വീട്ടില്‍ ക്ലാസ് മുറിയൊരുക്കി ഒഐസിസി ബഹ്‌റൈന്‍

നടുവണ്ണൂര്‍: ആറാം ക്ലാസ് വിദ്യാര്‍ഥിനി വിദ്യക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സൗകര്യങ്ങളൊരുക്കി ഒഐസിസി ബഹ്‌റൈന്‍. നടുവണ്ണൂര്‍ പഞ്ചായത്തിലെ താഴെ കൊടോളി വിനോദിന്റെയും ശ്രീജയുടെയും ഏകമകളാണ് വിദ്യ. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നെങ്കിലും സൗകര്യങ്ങളില്ലാത്തതിനാല്‍ വിദ്യയ്ക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ലോട്ടറി തൊഴിലാളിയായ വിനോദിന് മകള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കാന്‍ കഴിയുമായിരുന്നില്ല.

മീഡിയാ വണ്‍ ചാനല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാവാത്ത വിദ്യയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാട്ടുകാരനും സാമൂഹിക പ്രവര്‍ത്തകനും ബഹ്റൈന്‍ ഒഐസിസി യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് ഷമീം കെ.സി വഴി വിവരം അറിഞ്ഞ ബഹ്റൈന്‍ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി വിഷയത്തില്‍ ഇടപെട്ടു.

വീട് വൈദ്യുതീകരിക്കുന്നതിനും ടിവി നല്‍കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. വീടിന്റെ മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്ന രീതിയില്‍ ആയിരുന്നു, അതും കമ്മറ്റി ഇടപെട്ട് പുതുക്കി പണിതു. പഠിക്കാന്‍ മിടുക്കിയായ വിദ്യയ്ക്കായി ഒരു വീടും നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. പ്രദേശത്തെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇതിനായി ഒരു കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

വാര്‍ഡ് മെമ്പര്‍ കെ.കെ സൗദ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ആര്‍ ഷഹീന്‍ ടിവി കൈമാറി. ബഹ്റൈന്‍ ഒഐസിസി നേതാക്കളായ ഗഫൂര്‍ ഉണ്ണികുളം, ഷമീം കെ സി രഞ്ജന്‍ കച്ചേരി ബിജുബാല്‍, ജാലീസ് കെകെ, ശ്രീജിത്ത് പേനായ്, രിജിത്ത്, രവി പേരാമ്പ്ര, സുമേഷ് കുറ്റ്യാടി, ഷാഹിര്‍ മലോല്‍, എന്നിവര്‍ നേതൃത്വം നല്‍കി.