ന്യൂഡല്‍ഹി: നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കൊറോണ ഫ്രീ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രവാസി ലീഗല്‍ സെല്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇത്തരത്തില്‍ ഒരു നിബന്ധന ഇല്ലാതെയാണ് പ്രവാസികള്‍ ഇതുവരെ നാട്ടിലേക്കെത്തിയിരുന്നത്. എന്നാല്‍ ജൂണ്‍ മാസം ഇരുപതാം തിയതി മുതല്‍ നാട്ടിലേക്കു വരണമെങ്കില്‍ കോവിഡ് പരിശോധന നടത്തി കോവിഡ് ബാധിതനല്ല എന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന മന്ത്രിസഭയുടെ തീരുമാനവുമാണ് ഇപ്പോഴുള്ള പ്രതിസന്ധിക്കു കാരണം. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പുറത്തിറക്കിയ അറിയിപ്പുകളിലൊന്നും ഇത്തരത്തലൊരു നിബന്ധനയില്ല. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇതുവരെ വന്നവര്‍ക്കു ഇത്തരത്തില്‍ ഒരു സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
പരിശോധന നടത്തി കോവിഡ് ബാധിതനല്ല എന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന ഉത്തരവ് ഇന്ത്യന്‍ ഭരണ ഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെയും ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനങ്ങളാണെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തില്‍ ഒരു നിബന്ധനയില്ല. കൂടാതെ സമാനമായ ഒരു കേസില്‍ ഒറീസ സര്‍ക്കാര്‍ എടുത്ത സമാനമായ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു കാര്യവും ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നു.
ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാറിന്റെ ഏകപക്ഷീയമായ നടപടി റദ്ദ് ചെയ്യണമെന്നു ഹര്‍ജിയില്‍ ആവശ്യപെടുന്നു. പലരാജ്യങ്ങളും ഇത്തരത്തില്‍ ഒരു ടെസ്റ്റിനായി കനത്ത തുകയാണ് ഈടാക്കുന്നത്. മാസങ്ങളായി ജോലിയും ശമ്പളവും നഷ്ടപെട്ട പ്രവാസികള്‍ക്ക് ഇത്രയും തുക ചിലവഴിക്കാന്‍ സാധിക്കുന്നില്ല.
മാത്രമല്ല, പല രാജ്യങ്ങളിലും രോഗലക്ഷണമില്ലെങ്കില്‍ ഇത്തരത്തില്‍ ഒരു ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുമില്ല. ആയതിനാല്‍ ഇപ്പോള്‍ത്തന്നെ കടുത്ത മാനസികവും ശാരീരികവും സാമ്പത്തികവുമായ ഭാരിച്ച പ്രയാസങ്ങളിലുടെ കടന്നു പോകുന്ന പ്രവാസികളെ കൂടുതല്‍ ബുദ്ധിമുട്ടിക്കാതെ നാട്ടിലെത്തിക്കാനുള്ള നിര്‍ദേശം കേരള സര്‍ക്കാരിന് നല്‍കണമെന്നും പ്രവാസി ലീഗല്‍ സെല്‍ ഗ്‌ളോബല്‍ പ്രസിഡന്റ് അഡ്വ . ജോസ് എബ്രഹാം നല്‍കിയ ഹര്‍ജിയില്‍ ആവശ്യപെടുന്നു. ഹര്‍ജി കേരള ഹൈക്കോടതി നാളെ പരിഗണിക്കും.