സാമൂഹിക സേവനത്തിന്റെ പുതിയ അധ്യായമായി ഫ്രന്റ്‌സിന്റെ ആദ്യ ചാർട്ടേർഡ് വിമാനം നാട്ടിലെത്തി

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അൽ അമൽ ട്രാവൽസുമായി  ഏർപ്പെടുത്തിയ ആദ്യ ചാർട്ടേർഡ് വിമാനം  ബഹ്‌റൈനിൽ നിന്നും നിശ്ചയിച്ച സമയത്തു തന്നെ കൊച്ചിയിലെത്തി. ഗർഭിണികൾ, കൈകുഞ്ഞുങ്ങൾ, ജോലി നഷ്ടപ്പെട്ടവർ, അടിയന്തിര ചികിത്സ ആവശ്യമുള്ളവർ, വിസിറ്റിംഗ് വിസയിൽ വന്നു  കുടുങ്ങിപോയവർ തുടങ്ങി  170 ആളുകളെയാണ്  നാട്ടിലെത്തിക്കാൻ കഴിഞ്ഞത്.  ഇന്ത്യൻ എംബസി, ഗൾഫ് എയർ, ബഹ്‌റൈൻ – കേന്ദ്ര – കേരള സർക്കാറിന്റെ  അധികാരികൾ, അൽ അമൽ ട്രാവൽസ് തുടങ്ങിയവർക്കും എയർപോർട്ടിൽ സേവനം അർപ്പിച്ച വെൽകെയർ ടീമിനും  ബി കെ എസ് എഫിനും   പ്രസിഡന്റ് ജമാൽ നദ്‌വി ഇരിങ്ങൽ പ്രത്യേകം  നന്ദി അറിയിച്ചു.
ബഹ്‌റൈൻ പ്രവാസ ഭൂമികയിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളുമായി രംഗത്തുള്ള ഫ്രന്റ്‌സ് കോവിഡ് തുടങ്ങിയത് മുതൽക്ക് തന്നെ നിരവധി  ജീവകാരുണ്യ പദ്ധതികൾ  ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.   സാമൂഹിക സേവനത്തിന്റെ പുതിയ അധ്യായമായാണ് ഇതിനെ കാണുന്നതെന്നും  ഇനിയും കൂടുതൽ ചാർട്ടേർഡ് വിമാനത്തിനു വേണ്ടി  ശ്രമം തുടരുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.  നാട്ടിലെത്തിയ യാത്രക്കാർ ഫ്രന്റ്‌സ്  ഏർപ്പെടുത്തിയ സുഗമമായ യാത്രക്കും സേവനത്തിനും ഫോണിലൂടെയും മറ്റും  പ്രത്യേകം നന്ദി അറിയിച്ചു.