bahrainvartha-official-logo
Search
Close this search box.

പ്രവാസി സമരം ഏറ്റെടുത്ത് രമേശ്‌ ചെന്നിത്തല; വെള്ളിയാഴ്ച സെക്രട്ടേറിയേറ്റ് പടിക്കൽ ഉപവാസം

Ramesh_Chennithala
മനാമ: പ്രവാസികളെ പ്രവാസികളെ മടക്കിക്കൊണ്ട് വരുന്ന  കാര്യത്തില്‍  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍  കാണിക്കുന്ന വഞ്ചനാപരമായ നിലപാടില്‍ ലോകത്തിന്റെ  വിവിധ ഭാഗങ്ങളിൽ പ്രവാസികളുടെ ശക്തമായ പ്രതിഷേധം നടന്നു വരികയാണ്. വിവിധ പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിൽ ചാർട്ടേഡ് ഫ്ലൈറ്റ് ക്രമീകരിച്ചു ആളുകളെ നാട്ടിൽ എത്തിക്കുവാനുള്ള ശ്രമം നടന്നു വരുന്ന സമയത്താണ് സംസ്ഥാന സർക്കാരിന്റെ ക്രൂരമായ നടപടി. ബഹ്‌റൈൻ ഒഐസിസി അടക്കം വിവിധ സംഘടനകൾ ചാർട്ടേഡ് ഫ്ലൈറ്റ്കൾ ക്രമീകരിച്ചിട്ടുണ്ട്. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിന് മുന്നില്‍  ഉപവസിക്കും. വെള്ളിയാഴ്ച (19-6-2020)  രാവിലെ ഒന്‍പത് മണി മുതല്‍  വൈകിട്ട് അഞ്ച് വരെയാണ്  ഉപവാസ സമരം.
ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക്  മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം  ക്രൂരമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.  തികച്ചും അപ്രായോഗികമാണ് ഈ നിബന്ധന. ഗള്‍ഫില്‍ 48 മണിക്കൂറിനുള്ളില്‍ കോവിഡ് ടെസ്റ്റിന്റെ ഫലം കിട്ടില്ല. നാല് ദിവസം മുതല്‍ ഓരാഴ്ച വരെ അതിന് വേണ്ടി വരും. മാത്രമല്ല വന്‍സാമ്പത്തിക ബാദ്ധ്യതയുമുണ്ടാവും. ജോലിയും കൂലിയും  നഷ്ടപ്പെട്ട  പാവപ്പെട്ട പ്രവാസികള്‍ക്ക് ഇത്രയും തുക മുടക്കാന്‍ കഴിയില്ല. ഈ നിബന്ധന കര്‍ശനമാക്കിയ മന്ത്രിസഭാ തീരുമാനത്തോടെ കോവിഡ് കാലത്ത് ജീവന്‍ രക്ഷിക്കാന്‍ നാട്ടിലെത്താമെന്ന പ്രവാസികളുടെ മോഹം അസ്തമിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ അവരെ മരണത്തിലേക്ക് തള്ളിവിടുകയാണ്.
ഗള്‍ഫില്‍ ദിനംപ്രതി മലയാളികളുടെ മരണം കൂടി വരികയാണ്. 230 ഓളം മലയാളികള്‍ ഇതിനകം മരിച്ചു കഴിഞ്ഞു. ആകെ ഭയചകിതരായ മലയാളികള്‍ എങ്ങനെയും നാട്ടിലെത്താന്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാര്‍ അത് തടസ്സപ്പെടുത്തുകയാണ്. വന്ദേഭാരതം ഫ്‌ളൈറ്റുകളില്‍ ചെയ്യുന്നത് പോലെ പ്രാഥമിക പരിശോധന നടത്തിയ ശേഷം  പ്രവാസികളെ കൊണ്ടു വരികയും ഇവിടെ എത്തിയ ശേഷം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ക്വാറന്റയിന്‍ നടപടികള്‍ക്ക് വിധേയമാക്കുകയും വേണമെന്ന ആവശ്യം പ്രതിപക്ഷം നിരന്തരമായി ഉയര്‍ത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ കേട്ട ഭാവം പോലും നടിച്ചിട്ടില്ല. പകരം അത് കര്‍ശനമാക്കുകയാണ് ഇന്ന് മന്ത്രി സഭാ യോഗം ചെയ്തത്.
കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് ബോദ്ധ്യപ്പെടുന്നവരെ മാത്രമേ വിദേശത്ത് നിന്ന് കൊണ്ടു വരാവൂ എന്ന കേന്ദ്ര വ്യോമയാന വകുപ്പിന്റെ ഉത്തരവിനെതിരെ 2020 മാര്‍ച്ച് 12 ന് നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസ്സാക്കിയ കാര്യം മറന്നു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഈ കടുംപിടിത്തം നടത്തുന്നത്. ഇറ്റലിയില്‍ നിന്നും റിപ്പബ്ളിക്ക് ഓഫ് കൊറിയിയില്‍ നിന്നും മലയാളികളെ മടക്കിക്കൊണ്ടു വരുന്ന കാര്യത്തിലായിരുന്നു അത്. അന്ന് മുഖ്യമന്ത്രിയാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്.  പ്രവാസികള്‍ നമ്മുടെ നാടിന് നല്‍കുന്ന സംഭാവനകളെക്കുറിച്ച് അന്ന് വാചാലനായി സംസാരിച്ച മുഖ്യമന്ത്രി കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേന്ദ്ര നടപടി മനുഷ്യത്വ ഹീനമാണെന്നാണ് പറഞ്ഞത്. അതേ മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ഗള്‍ഫിലെ പാവങ്ങളോട് മനുഷ്യത്വ ഹീനമായി പെരുമാറുന്നത്. ഇത് കാപട്യമാണ്.
  ഇതുമായി ബന്ധപ്പെട്ട്   പ്രധാനമന്ത്രിക്ക്   കത്തയച്ച് പ്രവാസികളെ കബളിപ്പിക്കാനും  മുഖ്യമന്ത്രി ശ്രമിക്കുകയാണ്.  കോവിഡ് ബാധിച്ചവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടു വരണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.  കോവിഡ് ബാധിച്ച ആരെയും വിമാനത്താവളത്തില്‍ പോലും കയറ്റില്ല. പിന്നയല്ലേ വിമാനത്തില്‍ കൊണ്ടു വരുന്നത്.  കോവിഡ് ബാധ തെളിഞ്ഞാല്‍ പിന്നെ ചികിത്സിക്കുകയാണ് ചെയ്യേണ്ടത്.  ഇതറിഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി കത്തെഴുതിയത്. അത് തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണ്. കോവിഡ് ടെസ്റ്റിനുള്ള സൗകര്യം എംബസികള്‍ ഒരുക്കണമെന്ന മുഖ്യമന്ത്രിയുടെ കത്തിലെ ആവശ്യവും പ്രായോഗികമല്ല.
പ്രവാസികളെ സ്വീകരിക്കാന്‍ കേരളം സജ്ജമാണെന്നും രണ്ടര ലക്ഷം പേരെ ക്വാറന്റയിന്‍ ചെയ്യാന്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വിമാനങ്ങള്‍ മാത്രം അയച്ചാല്‍ മതിയെന്നുമാണ്  മുഖ്യമന്ത്രി നേരത്തെ പറഞ്ഞത്. പക്ഷേ 20,000 പേര്‍ വന്നപ്പോള്‍ തന്നെ ഒന്നും തികയാതായി. അതോടെ  ക്വാറന്റയിന് പണം നല്‍കണമെന്ന്  പറഞ്ഞു. പിന്നീട് അതും മതിയാക്കി, വീടുകളിലെ ക്വാറന്റയിന്‍ മതിയെന്ന് പറഞ്ഞു. ഇപ്പോള്‍ വീടുകളിലെ ക്വാറന്റയിന്‍, റൂം ക്വാറന്റയിനാക്കി ചുരുക്കിയിരിക്കുന്നു. ഏറ്റവും ഒടുവില്‍ ഹൃസ്വസന്ദര്‍ശനത്തിന് ക്വാറന്റയിനേ വേണ്ട എന്ന നിലപാടില്‍ എത്തി നില്‍ക്കുകയാണ്. ഓരോ സമയത്ത് ഓരോന്ന് മാറ്റിമാറ്റി പറഞ്ഞു കൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രി.
ചാര്‍ട്ടേഡ് വിമാനങ്ങളുടെ കാര്യത്തില്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നത് ഇരട്ടത്താപ്പാണ്. വന്ദേഭാരതം പദ്ധതിയനുസരിച്ചുള്ള ഫ്‌ളൈറ്റുകള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമല്ലാതിരിക്കേ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളില്‍ മാത്രം അത് ഏര്‍പ്പെടുത്തുന്നതിന്റെ യുക്തി മനസിലാവുന്നില്ല. നമ്മുടെ സഹോദരങ്ങളായ പ്രവാസികള്‍  നാട്ടിലേക്ക് വരണ്ട എന്ന നിര്‍ബന്ധബുദ്ധിയാണ് സര്‍ക്കാരിനുള്ളതെന്ന് ഇതോടെ വ്യക്തമാവുകയാണ്.  ഇത് വഞ്ചനയും നന്ദികേടുമാണെന്നും  രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ഗള്‍ഫിലെ മലയാളികളെ മടക്കി കൊണ്ടു വരുന്നതില്‍ കേന്ദ്ര സര്‍ക്കാരും കുറ്റകരമായ അനാസ്ഥായാണ് കാണിക്കുന്നത്. വന്ദേഭാരതം പദ്ധതി അനുസരിച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച ഫ്‌ളൈറ്റുകളില്‍ ചെറിയൊരു ശതമാനം പോലും ഇത് വരെ ഓപ്പറേറ്റ് ചെയ്തിട്ടില്ല. ഇക്കണക്കിന് പോയാല്‍ മാസങ്ങളെടുത്താലും ചെറിയൊരു ശതമാനം പ്രവാസികള്‍ക്ക് പോലും നാട്ടില്‍ എത്താന്‍ കഴിയില്ല. ആ സാഹചര്യത്തിലാണ് ഗള്‍ഫിലെ സന്നദ്ധ സംഘടനകള്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പാട് ചെയ്തത്. അത് സംസ്ഥാന സര്‍ക്കാരും മുടക്കുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് പ്രവാസികളെ ദ്രോഹിക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പട്ടു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!