തിരുവനന്തപുരം: റാപ്പിഡ് ടെസ്റ്റിന് സൗകര്യം ഇല്ലാത്തതോ അതിന് പ്രയാസം നേരിടുന്നതോ ആയ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ക്ക് പരിശോധന സൗകര്യമൊരുക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ്-19 പരിശോധനയ്ക്കാവശ്യമായ ട്രൂനെറ്റ് കിറ്റുകള്‍ എത്തിക്കാനാണ് സംസ്ഥാനം തയ്യാറെടുക്കുന്നത്. നേരത്തെ കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയ നടപടി പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
യുഎഇയിലും ഖത്തറിലും സംവിധാനം ഉണ്ട്. സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് അടക്കം ഇതിന് സൗകര്യം ഇല്ലാത്ത രാജ്യങ്ങളില്‍നിന്ന് തിരിച്ച് വരാനുള്ളവര്‍ക്ക് പരിശോധനാ കിറ്റ് എത്തിക്കുന്നത് സഹായകമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിറ്റ് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് എയര്‍ലൈന്‍ കമ്പനികളുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ കോവിഡ് പരിശോധ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി വിവാദമായിരുന്നു. പ്രവാസി സംഘടനകള്‍ സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. പ്രവാസികളെ ഇനിയും പ്രയാസത്തിലേക്ക് തള്ളിവിടുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെന്നായിരുന്നു പ്രധാന വിമര്‍ശനം.