കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ജൂണ്‍ 30 വരെയെങ്കിലും നിര്‍ബന്ധമാക്കരുത്; ബഹ്റൈൻ കേരളീയ സമാജം മുഖ്യമന്ത്രിക്ക് കത്തയച്ചു

മനാമ: കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവസികള്‍ക്ക് കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ജൂണ്‍ 30 വരെ നിര്‍ബന്ധമാക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് കേരളീയ സമാജം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ജൂണ്‍ 30 വരെയെങ്കിലും സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന നടപടി നീട്ടിയില്ലെങ്കില്‍ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള ചാര്‍ട്ടേഡ് വിമാനങ്ങളൊന്നും കേരളത്തിലേക്ക് പറന്നുയരില്ലെന്ന് കത്തില്‍ പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള വ്യക്തമാക്കുന്നു.

വിവിധ അതോറിറ്റികളില്‍ നിന്നും അനുമതി ലഭിക്കുന്നതിന് കാലതാമസം എടുക്കും. നിലവില്‍ നല്‍കിയിട്ടുള്ള ഇളവ് ജൂണ്‍ 25 വരെയാണ്. ഇക്കാലയളവിനുള്ളില്‍ വിമാനങ്ങള്‍ക്കുള്ള അനുമതി നേടിയെടുക്കാനാവില്ല, കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍, ബഹ്‌റൈനിലെ വിവിധ അതോറിറ്റികള്‍ എന്നിവയുടെ അനുമതി, എയര്‍ലൈന്‍ വിമാന കമ്പനികളുടെ നടപടിക്രമങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കുന്നതിനായി കൂടുതല്‍ സമയം എടുക്കുന്നതിനാലാണ് ജൂണ്‍ 30 വരെ ഇളവ് നീട്ടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ കേരളത്തിലേക്കുള്ള മൂന്ന് ചാര്‍ട്ടേഡ് വിമാനത്തിന് അനുമതി ലഭിച്ചിരുന്നു. എന്നാല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ഗള്‍ഫ് എയര്‍ യാത്രക്കാരെ കേരളത്തിലെത്തിക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.