ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത കുടുംബത്തിന് കൈത്താങ്ങുമായി നൗക ബഹ്റൈൻ

വടകര: വളയം, കാലിക്കൊളുമ്പിൽ വെള്ളാനച്ചാലിൽ ബിജുവിൻ്റെ വീട്ടിൽ പഠനാവശ്യത്തിനുള്ള സ്മാർട്ട് ടിവി സമ്മാനിച്ച് നൗക ബഹ്റൈൻ. കൂട്ടായ്മ ഭാരവാഹികളായ  അവിനാഷ് ഒഞ്ചിയവും, ബിജു അറക്കലും ഒപ്പം പ്രദേശത്തെ സാമൂഹ്യ പ്രവർത്തകരായ ഉമേഷ് തൂണേരിയും പി.വി.ശ്രീജിത്ത് ചെക്യാടും ചേർന്ന് പ്രമോദ് കൂട്ടായിയ്ക്ക് ടിവി കൈമാറി.

സാമൂഹിക യാഥാർത്ഥ്യങ്ങളെയും  പ്രയാസമനുഭവിക്കുന്നവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും പരിഗണിച്ചു മാത്രമേ നമ്മുടെ പൊതുവിദ്യാഭ്യാസ  പഠനരീതിക്ക് മുന്നോട്ടുപോകാനാവൂ.  അടിസ്ഥന പശ്ചാത്തല സൗകര്യങ്ങളും ആധുനിക വാർത്താവിനിമയ സാങ്കേതിക തികവുമില്ലാത്ത രണ്ടരലക്ഷം കുഞ്ഞുങ്ങളെങ്കിലും നമുക്കിടയിലുണ്ടെന്ന് സർക്കാരിൻറെ അന്വേഷണത്തിൽ തന്നെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ആ മിടുക്കരെ കൂടി ചേർത്തുനിർത്തിക്കൊണ്ടേ പൊതുവിദ്യാഭ്യാസത്തിൻറെ മണ്ഡലത്തിൽ നമുക്ക് അഭിമാനത്തോടെ ചിറക് വിരിക്കാനാവുമെന്ന് നൗക ബഹ്റൈൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവിൻ്റെ നക്ഷത്ര മുത്തുകൾ കോർത്ത നമ്മുടെ കുരുന്നുകൾ ഇല്ലായ്മയുടെ അപകർഷതകളിൽ ജീവിതം മടുത്ത് തോറ്റുമടങ്ങിക്കൂടെന്ന് ഉറപ്പിക്കാൻ അധികാരികൾക്കും നമ്മുടെ പൊതുസാമൂഹ്യ പ്രസ്ഥാനങ്ങൾക്കും വലിയ ഉത്തരവാദിത്തമുണ്ട്. വർത്തമാനത്തിൻറെ സമര ബാധ്യതകളിൽ സാധ്യമാം വിധം പങ്കുചേരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇടതുബദൽ പ്രാവാസ സാംസ്കാരിക കൂട്ടായ്മയായ നൗക ബഹ്റിൻ ഈ ഉദ്യമത്തിൽ തങ്ങളുടെ എളിയ പങ്ക് നിറവേറ്റുകയാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.