ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; ആകെ മരണം 61 ആയി

IMG-20200621-WA0081

മനാമ: ബഹ്‌റൈനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ ഏഴോം സ്വദേശി മീത്തലെപുരയില്‍ നാരായണന്റെ മകന്‍ എം പി രാജന്‍(52) ആണ് മരിച്ചത്. 18 വർഷമായി ബഹ്റൈൻ പ്രവാസിയായ രാജൻ മൾട്ടി നാഷണൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യയും രണ്ട് മക്കളും നാട്ടിലാണ്.

ഈ മാസം മൂന്നിന് രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ടെസ്റ്റ് നടത്തിയെങ്കിലും നെഗറ്റീവായിരുന്നു ഫലം. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് അഞ്ചിന് എക്‌സ്‌റേ എടുക്കുകയും ന്യൂമോണിയക്കുളള ചികിത്സ തുടങ്ങുകയും ചെയ്തു. അന്ന് ടെസ്റ്റ് ചെയ്തപ്പോഴും നെഗറ്റീവായിരുന്നു ഫലം. 10ന് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് നടത്തിയ ടെസ്റ്റില്‍ ഫലം പോസിറ്റീവായി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് തുടര്‍ന്ന് ചികിത്സ നല്‍കിയത്. അവസ്ഥ മോശമാവുകയും ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയുമായിരുന്നു.

ഇതോടെ കോവിഡ് ബാധിച്ച് ബഹ്റൈനിൽ മരണപ്പെടുന്ന മലയാളികളുടെ എണ്ണം മൂന്നായി. പത്തനംതിട്ട സ്വദേശിയായ നൈനാൻ സി മാമൻ, കണ്ണൂർ ചാലാട് സ്വദേശി പോൾ സോളമൻ എന്നിവരായിരുന്നു മുൻപ് മരണപ്പെട്ടവർ. ഇന്നലെ ഹൈദരബാദുകാരനായ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ആകെ 61 പേർക്കാണ് ഇതുവരെ വൈറസ് ബാധയേറ്റ് രാജ്യത്ത് മരണം സംഭവിച്ചത്.

ഏറ്റവും ഒടുവിൽ പുറത്തു വന്ന റിപ്പോർട്ട് പ്രകാരം 415 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 225 പേർ പ്രവാസികളാണ്. 5,480 പേരാണ് നിലവിൽ ആകെ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവർ. ഇവരിൽ 32 പേരുടെ നില ഗുരുതരമാണ്. ഒടുവിലായി 503 പേർക്ക് കൂടി രോഗമുക്തി നേടിയതോടെ ഇതുവരെ ആകെ രോഗമുക്തരായവരുടെ എണ്ണം 15,790 ആയി ഉയർന്നു. 470469 പേരെ ഇതുവരെ രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!