മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ സാമൂഹിക സേവന രംഗത്ത് മറ്റൊരു നാഴികക്കല്ലായി സൗജന്യ വിമാനയാത്രാ സൗകര്യമൊരുക്കുന്നു. കോവിഡ് രോഗവ്യാപനത്തെ തുടർന്ന് ഗൾഫ് മേഖലയിലുണ്ടായ വമ്പിച്ച തൊഴിൽ നഷ്ടങ്ങളും രോഗഭീതിയും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിച്ച അനിശ്ചിതാവസ്ഥയിൽ നിരവധി സഹജീവികളാണ് നാട്ടിലേക്ക് തിരിച്ച് പോവാൻ ആഗ്രഹിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് മാത്രം യാത്ര മുടങ്ങിയിരിക്കുന്ന നൂറുകണക്കിന് മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് ബഹ്റൈൻ കേരളീയ സമാജം ആരംഭിച്ചു കഴിഞ്ഞതെന്ന് സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.
നിർധനരും അർഹരുമായ ആളുകളിൽ നിന്ന് തിരഞ്ഞെടുക്കുന്നവരായിക്കും സൗജന്യ വിമാനയാത്രാ പദ്ധതിയിലൂടെ നാട്ടിലെത്തുക. യാത്ര സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടനെ ലഭ്യമാവുമെന്നും ജൂലായ് മാസം മധ്യത്തിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുകയെന്നും സമാജം പത്രകുറിപ്പിൽ പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.
ഇതിനകം ചാർഡേട്ട് വിമാന സർവീസിലൂടെ ആയിരത്തിലധികം ആളുകളെ നാട്ടിലെത്തിച്ചു. ഇനിയും അഞ്ച് വിമാനങ്ങളുടെ യാത്രാനുമതിക്കായുള്ള അന്തിമ ഘട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണ്. അനുമതി ലഭിച്ച മുറയ്ക്ക് രണ്ടാം ഘട്ട വിമാന സർവ്വീസുകൾ പുനരാരംഭിക്കും. സമാജം ഭാരവാഹികൾ വ്യക്തമാക്കി.