ഐവൈസിസി ബഹ്‌റൈന്റെ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം 24ന് പറന്നുയരും

മനാമ: ബഹ്‌റൈനില്‍ നിന്നും കൊച്ചിക്കുള്ള ഐവൈസിസി ബഹ്‌റൈന്റെ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം ജൂണ്‍ 24ന് പറന്നുയരും. ബഹ്‌റൈന്‍ പ്രാദേശിക സമയം രാവിലെ 11.30നാണ് വിമാനം പുറപ്പെടുക. ഇന്ത്യന്‍ ക്ലബ്ലുമായി സഹകരിച്ച് 169 യാത്രക്കാരുമായിട്ടാണ് ഗള്‍ഫ് എയര്‍ വിമാനം യാത്രക്കൊരുങ്ങുന്നത്. യാതൊരു ലാഭേച്ഛയുമില്ലാതെ കൊച്ചിയിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കിലാണ് യാത്രക്കാരെ കൊണ്ടുപോകുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഇന്ത്യന്‍ എംബസ്സിയുടെ മുന്‍ഗണനാ ലിസ്റ്റിലുള്ള ഗര്‍ഭിണികള്‍, ജോലി നഷ്ടപ്പെട്ടവര്‍, രോഗ ബാധിതര്‍, വിസിറ്റ് വിസയില്‍ എത്തി നാട്ടില്‍ പോകുവാന്‍ സാധിക്കാത്തവര്‍ ഇവയെല്ലാമാണ് 24 നാലിന് യാത്ര തിരിക്കുന്നത്. ഇന്ത്യന്‍ എംബസ്സിയുടെയും, കേന്ദ്ര, കേരള സര്‍ക്കാരുകളുടെയും കോവിഡ് മാനദണ്ഡങ്ങളും, സുരക്ഷാ മുന്‍കരുതലുകളും പാലിച്ചാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

യാത്രക്കാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും, നാട്ടില്‍ എത്തിയാല്‍ പാലിക്കേണ്ട മുന്‍ കരുതലുകളും യാത്രക്കാര്‍ക്ക് ഫോണിലൂടെയും മെസ്സേജുകള്‍ വഴിയും നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ വ്യക്തമാക്കുന്നു. യാത്രക്കാരുടെ ഭാഗത്ത് നിന്നും പൂര്‍ണ്ണ സഹകരണം ലഭിക്കുന്നതായും, ഇതുമായി സഹകരിച്ച എല്ലാവര്‍ക്കും ഐവൈസിസിക്കു വേണ്ടി നന്ദി അറിയിക്കുന്നതായും ഭാരവാഹികളായ അനസ് റഹീം, എബിയോണ്‍ അഗസ്റ്റിന്‍, നിധീഷ് ചന്ദ്രന്‍, മണിക്കുട്ടന്‍ എന്നിവര്‍ പത്രകുറിപ്പിലൂടെ അറിയിച്ചു.