ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി യോഗ ദിനം ആഘോഷിച്ചു

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ (ഐഎസ്ബി) വിദ്യാര്‍ത്ഥികള്‍ ആറാമത് അന്താരാഷ്ട്ര യോഗാ ദിനം ഓണ്‍ലൈനായി ആഘോഷിച്ചു. കോവിഡ് -19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കാരണം വിദ്യാര്‍ത്ഥികള്‍ വീടിനകത്തുനിന്നു അവരുടെ യോഗ പരിശീലനം ഓണ്‍ലൈനില്‍ നല്‍കുകയായിരുന്നു. യോഗാ ആഘോഷങ്ങളുടെയും പരീശീലനത്തിന്റെയും വീഡിയോ പിന്നീട് സ്‌കൂള്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് യോഗാസനം, പ്രാണായാമം, ധ്യാനം എന്നിവ പരിചയപ്പെടുത്തി.

കോവിഡ് -19 രോഗവുമായി ബന്ധപ്പെട്ട ആശങ്കകള്‍ കണക്കിലെടുത്ത്, ഈ വര്‍ഷത്തെ യോഗ ദിനത്തിന്റെ ആശയം ‘വീട്ടിലിരുന്നു നിങ്ങളുടെ കുടുംബത്തോടൊപ്പം യോഗ ചെയ്യുക എന്നതായിരുന്നു ‘. കായികാധ്യാപകന്‍ ആര്‍ ചിന്നസാമി വിവിധ യോഗ ആസനങ്ങളെക്കുറിച്ച് സന്ദേശം നല്‍കി. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ തന്റെ സന്ദേശത്തില്‍ യോഗാഭ്യാസത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു . കൊറോണ പകര്‍ച്ചവ്യാധിയുടെ ഈ ക്ലേശകരമായ സമയത്തു നാമെല്ലാവരും നമ്മുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തേണ്ടതുണ്ട്. ആയതിനാല്‍ നാമെല്ലാവരും യോഗ അഭ്യാസത്തെ ജീവിതശൈലിയുടെ ഭാഗമാക്കണമെന്നു പ്രിന്‍സ് നടരാജന്‍ പറഞ്ഞു.

ഇന്ത്യന്‍ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളില്‍ ഒന്നാണ് യോഗ. ഭാവി തലമുറകളുടെ പ്രയോജനത്തിനും ക്ഷേമത്തിനുമായി അതു ഉപയോഗപ്പെടുത്തണമെന്ന് സ്‌കൂള്‍ സെക്രട്ടറി സജി ആന്റണി പറഞ്ഞു. ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയില്‍, വര്‍ദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കം ഒഴിവാക്കാന്‍ യോഗ അഭ്യാസത്തിനുള്ള കഴിവ് അതുല്യമാണെന്ന് പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി പറഞ്ഞു. സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി യോഗാഭ്യാസത്തിനു കുട്ടികളുടെ മനസ്സിനെ ശാന്തമാക്കാനും സമഗ്രമായി വളരാനും സഹായിക്കുമെന്നു വി ആര്‍ പളനിസ്വാമി പറഞ്ഞു. സമ്മര്‍ദ്ദത്തെ എങ്ങനെ ശരിയായി നേരിടാമെന്നും ക്രിയാത്മകത നിലനിര്‍ത്താമെന്നും യോഗ അഭ്യാസം കുട്ടികളെ പഠിപ്പിക്കുന്നുവെന്ന് റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ പറഞ്ഞു.