ട്രൂനാറ്റ് പരിശോധന, രോഗികള്‍ക്ക് പ്രത്യേക വിമാനം; പ്രവാസികളുടെ മടക്കയാത്രയിൽ കേരളത്തിന്റെ ആവശ്യങ്ങള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍

പ്രവാസികളുടെ മടക്കത്തില്‍ കേരളം മുന്നോട്ടുവെച്ച രണ്ട് ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ തള്ളി. പ്രവാസികള്‍ക്ക് തിരിച്ചുവരുമ്പോള്‍ ട്രൂനാറ്റ് പരിശോധന നടത്തുന്നത് അപ്രായോഗികമാണെന്ന് കേന്ദ്രം പറഞ്ഞു. രോഗികള്‍ക്ക് മാത്രമായി പ്രത്യേക വിമാനം അനുവദിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയ്ക്ക് കേന്ദ്രം രേഖാമൂലം മറുപടി നല്‍കി. നേരത്തെ പ്രവാസികള്‍ക്ക് കൊവിഡ് പരിശോധനയ്ക്കുള്ള ട്രൂനാറ്റ് കിറ്റ് കേരളം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. പരിശോധനാ സൗകര്യം ഇല്ലാത്ത രാജ്യങ്ങള്‍ക്ക് സംസ്ഥാനം കിറ്റ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി കേന്ദ്രത്തിന്റെ അനുമതി തേടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്രൂനാറ്റ് കിറ്റ് ലഭ്യമാക്കുന്നതിന് എയര്‍ലൈന്‍ കമ്പനികളുടെ സഹകരണവും ബന്ധപ്പെട്ട രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെ അനുവാദവും ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ പരിശോധനാ സൗകര്യം ഉണ്ട്. അതില്ലാത്ത കുവൈത്ത്, ബഹ്‌റൈന്‍, സൗദി അറേബ്യ, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് തിരിച്ചുവരുന്ന പ്രവാസികളുടെ പരിശോധനയ്ക്ക് ഇത് സഹായകമാകും. ഐ.സി.എം.ആര്‍ അംഗീകാരം നല്‍കിയിരിക്കുന്ന ടാറ്റാ ട്രസ്റ്റ് ഓഹരിയുടമകളായ മോള്‍ബിയോ ഡയഗ്നോസ്റ്റിക്സ് എന്ന കമ്പനി കഴിഞ്ഞ ഏപ്രില്‍ മാസം വികസിപ്പിച്ചെടുത്ത കൊവിഡ് 19 സ്‌ക്രീനിംഗ് ടെസ്റ്റ് കിറ്റ് ആണ് ട്രൂനാറ്റ്. അടിയന്തര ഘട്ടങ്ങളില്‍ ഐസൊലേഷന്‍ സംവിധാനങ്ങളിലേക്ക് മാറ്റുന്നത് പോലുള്ള ആവശ്യങ്ങള്‍ക്ക് കൊവിഡ് പരിശോധിക്കാനുള്ള തത്സമയ പി.സി.ആര്‍ ടെസ്റ്റ് ആണ് ഇത്.