മനാമ: കോവിഡ് ബാധിച്ച് ബഹ്‌റൈനിൽ മരിച്ച മലയാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം സഹായധനം നൽകുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം. സമാജത്തിെൻറ സാമൂഹ്യ സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സഹായം നൽകുന്നത്.
മരിച്ച പലരുടെയും കുടുംബത്തിെൻറ അവസ്ഥ വേദനാജനകമാണെന്ന് മനസ്സിലാക്കിയാണ് ഈ തീരുമാനമെന്ന് സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. കോവിഡ് രോഗവ്യാപനത്തിെൻറ പശ്ചാത്തലത്തിൽ കേരളീയ സമാജം നടത്തിവരുന്ന നിരവധി ദുരിതാശ്വാസ പദ്ധതികളിലൊന്നാണ് സാമ്പത്തിക സഹായം.
നിലവിൽ കേരളീയ സമാജം അംഗങ്ങൾക്ക് മരണാനന്തര സഹായമായി പത്ത് ലക്ഷം രൂപ നൽകി വരുന്നുണ്ട്. ചാർട്ടേഡ് വിമാനങ്ങൾ വഴി ഇതിനകം രണ്ടായിരത്തോളം പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാനും സമാജത്തിന് കഴിഞ്ഞു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്കായി സൗജന്യ വിമാനയാത്രയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യവസ്തുക്കളുടെ വിതരണവും നടത്തുന്നുണ്ടെന്ന് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.