മനാമ: സത്യസന്ധതക്ക് മാതൃക കാണിച്ച ജീവനക്കാരന് പാരിതോഷികം നല്‍കി ബഹ്‌റൈന്‍ ലുലു ഗ്രൂപ്പ് മാനേജ്‌മെന്റ്. ബഹ്റൈൻ ലുലു ഹൈപ്പർ മാർക്കറ്റ് ജീവനക്കാരനായ ബംഗ്ലാദേശ് പൗരൻ അബുബക്കറിനാണ് മാതൃകാപരമായ സമീപനത്തിന് പാരിതോഷികം സമ്മാനിച്ചത്. ഡാനമാളിലെ ലുലുവില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പുറത്തിറങ്ങിയ മുസ്തഫ ആബ്ദീന്റെ 1,100 ദിനാറും ബാങ്ക് ക്രെഡിറ്റ് കാർഡുകളും ഉള്‍പ്പെട്ട പേഴ്‌സ് നഷ്ടപ്പെട്ടിരുന്നു. പേഴ്‌സ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അബൂബക്കര്‍ അത് ഉടൻ തന്നെ മാനേജ്‌മെന്റിനെ ഏല്‍പ്പിക്കുകയായിരുന്നു. വാർത്തയറിഞ്ഞ ചെയർമാൻ എം എ യൂസഫലിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് പാരിതോഷികം കൈമാറിയത്. നഷ്ടപ്പെട്ട പേഴ്സ് അന്വേഷിച്ച് പിന്നീട് തിരികെയെത്തിയ മുസ്തഫയ്ക്ക് പണവും പേഴ്‌സും തിരികെ ലഭിക്കുകയും ചെയ്തു.
‘നിറയെ പണവും ക്രെഡിറ്റ് കാര്‍ഡും ഉള്‍പ്പെടെയുള്ള ബാഗ് കൈയ്യില്‍ ലഭിച്ച ഉടന്‍ ഞാന്‍ കസ്റ്റമര്‍ ഡിപാര്‍ട്ട്‌മെന്റിനെ ഏല്‍പ്പിക്കുകയായിരുന്നു’ അബൂബക്കര്‍ പറഞ്ഞു. സുതാര്യവും സത്യസന്ധവുമായ പ്രവൃത്തിയാണ് അബുബക്കറിൻ്റേതെന്നും മാതൃകാപരമായ ഈ പ്രവൃത്തിക്ക് ഞങ്ങളുടെ ചെയര്‍മാന്‍ എം.എ യൂസഫലിയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് 200 ദിനാര്‍ പാരിതോഷികം കൈമാറിയതെന്നും ഡയറക്ടര്‍ ജൂസര്‍ രൂപവാല പ്രതികരിച്ചു.
സെക്യൂരിറ്റി ഓഫീസര്‍ നാരായണന്‍ പങ്കെടുത്ത ചടങ്ങില്‍ ഡയറക്ടര്‍ ജൂസർ രൂപാവാല അബൂബക്കറിന് പാരിതോഷികം കൈമാറി.