മനാമ: മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ 2020-21 അധ്യായന വർഷത്തെ പ്രവേശനോത്സവം ഓൺലൈനായി ജൂലൈ 31 വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബഹ്റൈൻ ചാപ്റ്ററിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മലയാളം മിഷൻ ഡയറക്ടർ പ്രൊഫസർ.സുജ സൂസൻ ജോർജ്ജ് പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.
2019 അധ്യയന വർഷത്തിലെ ക്ലാസ്സകൾ അവസാനിച്ചിട്ടില്ലെങ്കിലും, പ്രതിസന്ധിയുടെയും പ്രതിരോധത്തിന്‍റെയും ഈ കോവിഡ് കാലത്തും വിദ്യാഭ്യാസ രംഗം വാടിക്കൊഴിയാതെ മുന്നോട്ട് കൊണ്ട് പോകാനുള്ള പദ്ധതികള്‍ ആവിഷ് കരിച്ചു നടപ്പാക്കുന്ന കേരള സര്‍ക്കാരിൻ്റെ പാത സ്വീകരിച്ചു കൊണ്ടാണ് മലയാളം മിഷൻ ഓൺലൈൻ മാർഗ്ഗത്തിലൂടെ പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്നത് എന്ന് ചാപ്റ്റർ പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും സെക്രട്ടറി ബിജു.എം.സതീഷും വാർത്താക്കുറിപ്പിൽ അറിയിച്ചു. മലയാളം മിഷൻ്റെ ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യ ചാപ്റ്ററുകളിലൊന്നായ ബഹ്റൈനിൽ നിലവിൽ ഏഴ് പാഠശാലകളിലാണ് മിഷൻ പാഠ്യപദ്ധതിയനുസരിച്ചുള്ള ക്ലാസ്സുകൾ നടക്കുന്നത്.
ചാപ്റ്ററിൻ്റെ കേന്ദ്രമായി പ്രവർത്തിക്കുന്ന ബഹ്റൈൻ കേരളീയ സമാജത്തിനു പുറമെ കേരള സോഷ്യൽ ആൻ്റ് കൾച്ചറൽ അസോസ്സിയേഷൻ, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി, ഗുരുദേവ സോഷ്യൽ സൊസൈറ്റി, ബഹ്റൈൻ പ്രതിഭ, വ്യാസ ഗോകുലം, ദിശ സെൻ്റർ, എന്നിവയാണ് മറ്റ് പഠനകേന്ദ്രങ്ങൾ.
നാല് ഘട്ടങ്ങളുള്ള മിഷൻ’ പാഠ്യപദ്ധതിയിലെ ആദ്യ കോഴ്സായ കണിക്കൊന്ന ക്ളാസുകളിലേക്ക് കുട്ടികളെ ഹൃദ്യമായി വരവേൽക്കാനാണ് വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. താത്പര്യമുള്ളവർ ഒരാഴ്ചയ്ക്കകം പേരുകൾ നൽകണം.
കൂടുതൽ വിവരങ്ങൾക്ക്:
രജിത അനി 38044694,
ലത മണികണ്ഠൻ 33554572