മനാമ: ബഹ്റൈനിൽ 500 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ജൂലൈ 6 ന് 24 മണിക്കൂറിനിടെ 9266 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 303 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 191 പേർക്ക് സമ്പർക്കങ്ങളിലൂടെയും 6 പേർക്ക് വിദേശയാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്.
അതേ സമയം 392 പേർ കൂടി രോഗമുക്തി നേടി ചികിത്സാ കേന്ദ്രങ്ങൾ വിട്ടിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 25570 ആയി ഉയർന്നു.
നിലവിൽ 4653 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 60 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഏറെ നാളുകൾക്ക് ശേഷം ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നത് ആശ്വാസകരമാണ്. 98 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധയേറ്റ് ഇതുവരെ മരണം സംഭവിച്ചിരിക്കുന്നത്. ഇവരിൽ 3 പേർ മലയാളികളാണ്. ഇതുവരെ ആകെ 621362 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.