മനാമ: കോവിഡ് പശ്ചാത്തത്തില്‍ രൂപംകൊണ്ടിരിക്കുന്ന പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്ന ബിസിനസ് സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം ഇരട്ടിയാക്കിയതായി ബഹ്‌റൈന്‍. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സുപ്രധാന നടപടി. കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിന്റെ തോത് കുറയ്ക്കുന്നതിന് പുതിയ നീക്കം സഹായിക്കുമെന്ന് തംകീന്‍ ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫ പറഞ്ഞു.
നിലവില്‍ രാജ്യത്തെ 15,600 കമ്പനികള്‍ക്കും 900 സ്വദേശികള്‍ക്കും ബിസിനസ് തുടര്‍ച്ചാ പദ്ധതിയിലൂടെ സഹായമെത്തിച്ചിട്ടുണ്ട്. പദ്ധതി വിപൂലീകരിച്ച് ടാക്‌സി കാബ് ഡ്രൈവര്‍മാര്‍, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്, ബസ് ഡ്രൈവര്‍മാര്‍, ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍മാര്‍, കിന്റര്‍ഗാര്‍ട്ടന്‍-നഴ്‌സറി ജീവനക്കാര്‍ എന്നിവര്‍ക്കും സഹായങ്ങള്‍ എത്തിക്കാന്‍ നേരത്തെ തീരുമാനമായിരുന്നു. രാജ്യത്തെ ചെറികിട ബിസിനസ് സ്ഥാപനങ്ങളെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയെന്നത് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
ബിസിനസ് തുടര്‍ച്ച സഹായ പദ്ധതിയില്‍ ചെറുകിട, സൂക്ഷ്മ സംരംഭങ്ങളുടെ പ്രവര്‍ത്തനച്ചെലവ് ഭാഗികമായി വഹിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം മുടക്കമില്ലാതെ തുടരുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്നും തംകീന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് പുറത്തുവിടും.