തിരുവനന്തപുരം: സംസ്ഥാനത്ത് 488 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് 66കാരനായ സെയ്ഫുദ്ദീനും എറണാകുളത്ത് 79 കാരനായ പികെ ബാലകൃഷ്ണനുമാണ് മരിച്ചത്.
രോഗം ബാധിച്ചവരില്‍ 167 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 76 പേരും സമ്പര്‍ക്കം മൂലം 234 പേര്‍ക്കും രോഗബാധയുണ്ടായി. അതേസമയം ഇന്ന് രോഗം 143 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. തിരുവനന്തപുരം ആറ്, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം ആറ്, ഇടുക്കി നാല്, എറണാകുളം മൂന്ന്,തൃശ്ശൂര്‍ 17, പാലക്കാട് ഏഴ്, മലപ്പുറം 15, കോഴിക്കോട് നാല്, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഐടിബിപി രണ്ട്, ബിഎസ്എഫ് രണ്ട്, ബിഎസ്ഇ നാല് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 12104 സാമ്പിളുകള്‍ 24 മണിക്കൂറിനിടെ പരിശോധിച്ചു. ഇന്ന് മാത്രം 570 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എവിടെ നിന്ന് ബാധിച്ചതെന്ന് അറിയാത്ത 11 കേസുകളും ഉണ്ട്. തിരുവന്തപുരം ജില്ലയില്‍ നിരീക്ഷണം ശക്തമായി തുടരുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.