കൊച്ചി: കേരളത്തില്‍ വീണ്ടും കോവിഡ് മരണം. എറണാകുളം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയസ്തംഭനം മൂലം മരിച്ച ഇടുക്കി രാജാക്കാട് സ്വദേശി വല്‍സമ്മ ജോയിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 59 വയസായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു മരണം. ഇവരുടെ രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച്ച നെഞ്ചുവേദനയെ തുടര്‍ന്നാണ് വല്‍സമ്മയെ ഇടുക്കിയില്‍ നിന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങളില്ലായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഇവര്‍ ദൂരയാത്രകള്‍ നടത്തിയിട്ടില്ല എന്ന് വ്യക്തമായിട്ടുണ്ട്. എന്നാലും ഇവര്‍ക്ക് രോഗം വന്നതെവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല. നെഞ്ചുവേദനയെ തുടര്‍ന്ന് വല്‍സമ്മയെ ആദ്യം പ്രവേശിപ്പിച്ചത് രാജാക്കാടുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു. ആശുപത്രിയില്‍ ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ ഉടനെ നിരീക്ഷണത്തിലാക്കും.
ഇന്നലെ കേരളത്തില്‍ രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം 488 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 167 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 234 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.