സാം സാമൂവലിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തീരാനഷ്ടം; അനുശോചനം രേഖപ്പെടുത്തി വിവിധ സംഘടനകള്‍

SAM

മനാമ: ബഹ്‌റൈനിലെ സാമൂഹിക പ്രവര്‍ത്തകര്‍ക്കിടയിലെ നിറ സാന്നിധ്യമായിരുന്ന സാം സാമുവേലിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തീരാനഷ്ടം. 20 വര്‍ഷത്തിലേറെയായി പ്രവാസികള്‍ക്കിടയില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ് സാം. കോവിഡ് ബാധിച്ചു കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സാം വ്യാഴാഴ്ച രാവിലെയാണ് മരണപ്പെട്ടത്. ഭാര്യ സിസിലിയും മക്കളായ സിമി സാറയും സോണി സാറയും നാട്ടിലാണ്.

സാമിന്റെ അപ്രതീക്ഷിത നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ബഹ്‌റൈനിലെ നിരവധി സംഘടനകളാണ് രംഗത്ത് വന്നിരിക്കുന്നത്. ബഹ്‌റൈനിലെ സാമൂഹിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം സാമിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ബഷീര്‍ അമ്പലായി സാമിന്റെ ഓര്‍മ്മ പുതുക്കലിന് നേതൃത്വം നല്‍കുകയും അനുശോചനം പ്രസംഗം നടത്തുകയും ചെയ്തു. ബഹ്‌റൈന്‍ കേരളീയ സമാജം സജീവ അംഗം സാം സാമുവേലിന്റെ ആകസ്മിക നിര്യാണത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ അറിയിച്ചു.

കെ.എം.സി.സി ബഹ്‌റൈന്‍ അനുശോചിച്ചു. സാമിന്റെ അകാല വിയോഗത്തിലൂടെ ബഹ്‌റൈന്‍ പ്രവാസ ലോകത്തിന് നഷ്ടമായത് മാതൃകാ സാമൂഹ്യ പ്രവര്‍ത്തകനെയെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി വിലയിരുത്തി. കൊവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം പ്രവാസികള്‍ക്കിടയില്‍ ഏറെ സുപരിചിതനായ വ്യക്തിയായിരുന്നു. കൊവിഡ് ആശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കെയാണ് അദ്ദേഹത്തിന് രോഗം ബാധിച്ചത്. സ്വന്തം ജീവന്‍ പോലും നോക്കാതെ അദ്ദേഹം നടത്തിയ കൊവിഡ് സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാത്തതാണ്. പ്രവാസികള്‍ക്കിടയില്‍ നിരവധി പേര്‍ക്ക് ആശ്വാസമേകിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹത്തിന്റെ വിയോഗം ജീവകാരുണ്യ രംഗത്തിന് തീരാനഷ്ടമാണ്. ബഹ്‌റൈനിലെ പ്രവാസി സംഘടനാ നേതാക്കള്‍മാരുമായും പ്രവര്‍ത്തകരുമായും നല്ല ബന്ധങ്ങള്‍ സൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ അനുശോചന കുറിപ്പിലൂടെ വ്യക്തമാക്കി.

ബഹ്‌റൈന്‍ പ്രവാസി സാമൂഹ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ വേറിട്ടുനില്‍ക്കുന്ന വ്യക്തിത്വമായിരുന്നു സാം സാമുവല്‍ എന്ന് ഇന്‍ഡക്സ് ബഹ്‌റൈന്‍ അനുസ്മരിച്ചു. വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപെടുത്തുന്നുന്നതായും നിത്യശാന്തിക്കായി പ്രവര്‍ത്തിക്കുന്നതായും ഇന്‍ഡക്സ് ബഹ്റൈന് വേണ്ടി ഭാരവാഹികളായ അനീഷ് വര്‍ഗ്ഗീസ്, റഫീക്ക് അബ്ദുള്ള, അജി ഭാസി, സാനി പോള്‍ എന്നിവര്‍ പറഞ്ഞു.

സാം സാമുവേലിന്റെ വിയോഗത്തില്‍ ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍’ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം ബഹ്‌റൈന്‍ സാമൂഹിക പ്രവത്തനരംഗത്ത് ഉണ്ടാക്കിയ നഷ്ടം നികത്താനാവാത്തത് ആണ് എന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അനുശോചിച്ചു. നിസ്വാര്‍ത്ഥനായ ഒരു മനുഷ്യസ്നേഹിയെയാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും ദുഖത്തില്‍ പങ്ക് ചേരുന്നതായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസിഡന്റ് അലിഅക്ബറും ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസും അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

ജീവകാരുണ്യ സാംസ്‌കാരിക മേഖലയിലെ കരുത്തുറ്റ സാന്നിധ്യവും ആയിരുന്ന സാമിന്റെ അകാല നിര്യാണത്തില്‍ സീറോ മലബാര്‍ സോസൈറ്റി അനുശോചനം രേഖപ്പെടുത്തി. വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാനും ബഹ്റൈനിലെ എളിമയുടെ മുഖവും ആയിരുന്നു സാം. ഏകാന്ത പഥികനായി കര്‍മ്മം ചെയ്യുകയാണ് തന്റെ കര്‍ത്തവ്യം എന്ന് തിരിച്ചറിഞ്ഞ സാമിന്റെ പ്രവര്‍ത്തനം ഏവര്‍ക്കും മാതൃകാപരമായിരുന്നുവെന്ന് സീറോമലബാര്‍ സൊസൈറ്റി അനുശോചിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!