മനാമ: അന്തരിച്ച പ്രവാസി സാമൂഹിക പ്രവർത്തകൻ സാം സാമുവലിന് അന്ത്യ യാത്രാമൊഴി നൽകി ബഹ്റൈൻ പ്രവാസലോകം. ഇന്നലെ രാത്രി നടന്ന ഓൺലൈൻ അനുശോചന യോഗത്തിൽ ബഹ്റൈനിലെ വിവിധ സാമൂഹിക, സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു. സാം പ്രവാസ ലോകത്തിന് നൽകി സംഭാവനകൾ യോഗം അനുസ്മരിച്ചു.
മറ്റുള്ളവർക്കുവേണ്ടി ജീവിക്കുമ്പോഴും സ്വന്തം കുടുംബത്തിനു വേണ്ടി ഒന്നും മാറ്റിവയ്ക്കാൻ മറന്നുപോയ വ്യക്തിയായിരുന്നു സാം. സഹധർമ്മിണിയും രണ്ട് പെൺമക്കളും ഉള്ള കുടുംബത്തിൻറെ ഏക ആശ്രയമായിരുന്നു സാം. ആ കുടുംബത്തിന് സാമ്പത്തികമായി മുമ്പോട്ട് ഒരു കൈത്താങ്ങ് ആകുവാൻ ചെറുതും വലുതുമായ സഹായങ്ങൾ എത്തിച്ചു നൽകുവാൻ യോഗം തീരുമാനിച്ചു.
ബഹ്റൈൻ കേരള സമാജം ഉൾപ്പെടെ ചെറുതും വലുതുമായ സംഘടനകളുമായി കൈകോർത്ത് സാമിന്റെ കുടുംബത്തിന് സഹായമെത്തിക്കും. സബർമതി കൾച്ചറൽ ഫോറത്തിന്റെ പ്രസിഡന്റായിരുന്ന സാം സാമുവലിന്റെ അനുശോചന മീറ്റിംഗ് സന്തത സഹചാരിയും സംഘടനയുടെ ജനറൽ സെക്രട്ടറിയായ അജി പി ജോയിയാണ് തുടക്കം കുറിച്ചത്. തുടർന്ന് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലുള്ള പ്രമുഖർ പങ്കെടുത്തു സംസാരിച്ചു.
പി വി രാധാകൃഷ്ണപിള്ള, സോമൻ ബേബി, സുബൈർ കണ്ണൂർ, ജോബ് ജോസഫ്, രാജു കല്ലുംപുറം, ബിനു കുന്നന്താനം, ബഷീർ അമ്പലായി, നാസർ മഞ്ചേര, ചാൾസ് ആലുക്ക, കെ ടി സലിം, ഷാജി കാർത്തികേയൻ, ചെമ്പൻ ജലാൽ, നജീബ് കടലായി, തോമസ് ഫിലിപ്പ്, സലാം മമ്പാട്ടുമൂല, സോവിചെൻ, എബ്രഹാം ശാമുവേൽ, രാജേഷ് ചേരാവള്ളി, അജിത്ത് കണ്ണൂർ, രാമത്ത് ഹരിദാസ്, സോണിക് ഫിലിപ്പ്, മോഹൻകുമാർ, ജവാദ് വക്കം, അനിഷ് വർഗ്ഗീസ്, അജി ബേസി, അനൂപ് കുമാർ കണ്ണൂർ തുടങ്ങി അറുപതോളം പേർ പങ്കെടുത്തു. രണ്ടു മണിക്കൂറോളം നീണ്ടുനിന്ന അനുശോചന മീറ്റിംഗ് സാനി പോൾ നിയന്ത്രിച്ചു.