ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി ബാലിക കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരണപ്പെട്ടു. എറണാകുളം പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശി ബിനു പോള്‍മേരി ദമ്പതികളുടെ മകള്‍ സമീക്ഷ പോള്‍(15) യാണ് മരണപ്പെട്ടിരിക്കുന്നത്. അല്‍താവൂനിലെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കുട്ടി താഴേക്ക് പതിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന രക്ഷിതാക്കളും സഹോദരിയും ഉറങ്ങുന്ന സമയത്താണ് ദുരന്തം സംഭവിച്ചത്.
കുട്ടി കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീഴുന്നത് കണ്ടവരാണ് പോലീസിനെ വിവരം അറിയിച്ചത്. സമീക്ഷയ്ക്ക് ഒരു ഇരട്ട സഹോദരി കൂടെയുണ്ട്. കുട്ടി വീണയുടന്‍ പോലീസും രക്ഷാപ്രവര്‍ത്തകരും പാരമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീഴ്ച്ചയില്‍ തന്നെ മരണം സംഭവിച്ചുവെന്നാണ് കരുതുന്നത്.
അജ്മാന്‍ ഭവന്‍സ് സ്‌കൂളിലാണ് കുട്ടി പഠിച്ചിരുന്നത്. ഇത്തവണ പത്താം ക്ലാസിലേക്ക് സമീക്ഷ പ്രവേശനം നേടിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അടുത്തിടെയാണ് സമീക്ഷയുടെ കുടുംബം ഷാര്‍ജയിലേക്ക് താമസം മാറിയത്. മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.