മനാമ: ബഹ്‌റൈനില്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത് പുനരാരംഭിക്കുന്നു. ബഹ്‌റൈനിലെ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റിയാണ് (എല്‍.എം.ആര്‍.എ) ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആഗസ്റ്റ് ഒമ്പത് മുതല്‍ പുതിയ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷ സ്വീകരിക്കും. നേരത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ സ്വീകരിക്കുന്നത് എല്‍എംആര്‍എ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
സ്വകാര്യ തൊഴില്‍ ദാതാക്കള്‍ക്ക് വിദേശ തൊളിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഇതോടെ അനുമതി ലഭിക്കും. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയിലെ ഗവണ്‍മന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തതിരിക്കുന്നത്. നേരത്തെ കോവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു.
റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിക്കണം. സ്വദേശികള്‍ക്കും നിലവില്‍ ബഹ്‌റൈനില്‍ താമസിക്കുന്ന പ്രവാസികൾക്കും ഒരുപോലെ തൊഴില്‍ അപേക്ഷ നല്‍കാന്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമായിട്ടാണ് റിക്രൂട്ട്‌മെന്റ് പരസ്യം പ്രദേശിക പത്രങ്ങളില്‍ നല്‍കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. പ്രസ്തുത പരസ്യം പ്രസിദ്ധീകരിച്ച് രണ്ടാഴ്ച്ചക്കുള്ളില്‍ ആരും അപേക്ഷ നല്‍കിയില്ലെങ്കില്‍ തൊഴില്‍ ദാതാവിന് വിദേശരാജ്യങ്ങളില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യാം.