മനാമ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി വിശ്രമമറിയാതെ സഞ്ചരിച്ച മഹാപ്രതിഭയായിരുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ സി.പി സെയ്തലവി. കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ഓര്‍മ്മകളിലെ ശിഹാബ് തങ്ങള്‍’ എന്ന പേരില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ ഓണ്‍ലൈന്‍ സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹത്തായ പാരമ്പര്യത്തിലെ കണ്ണിയായ ശിഹാബ് തങ്ങള്‍ സാധുക്കളുടെ അത്താണിയായാണ് ജീവിച്ചത്. അധികാരത്തോടും പ്രചാരണങ്ങളിലും താല്‍പര്യമില്ലാത്തിരുന്ന ശിഹാബ് തങ്ങളുടെ സൗമ്യതയും സവിശേഷതയും ബാല്യകാലാനുഭവങ്ങളുടെ പ്രതിഫലനമായിരുന്നു. തന്റെ പതിനൊന്നാമത്തെ വയസില്‍ പിതാവ് പൂക്കോയ തങ്ങളെ ബ്രിട്ടീഷ് പൊലിസ് അറസ്റ്റ് ചെയ്തപ്പോള്‍ മാതാവിനെയും സഹോദരങ്ങളെയും ചേര്‍ത്തുപിടിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചു തുടങ്ങിയത്.
കേരളത്തിലെ കലാപന്തരീക്ഷങ്ങളിലൊക്കെയും സമാധാനം തിരിച്ചെടുക്കുന്നതില്‍ തങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. 1992 ലെ ഭീമാപ്പള്ളി കലാപത്തിലും തൃശ്ശൂരില്‍ രഥയാത്ര കടന്നുപോകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൊക്കെയും തങ്ങള്‍ സമാധാനദൂതനെ പോലെയാണ് കടന്നുചെന്നത്. ഭയത്തില്‍ നിന്ന് അഭയമായിരുന്നു തങ്ങള്‍ ഏവര്‍ക്കും നല്‍കിയത്. പ്രകോപനത്തിന് പകരം സംയമനം ആഹ്വാനം ചെയ്ത നേതാവായിരുന്നു അദ്ദേഹം. മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിത സന്ദേശം പോലും സംയമനമായിരുന്നു. അദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുത്ത് നാലു വര്‍ഷം കഴിയുമ്പോഴാണ് ലീഗിന് ആദ്യ മുഖ്യമന്ത്രിയുണ്ടാകുന്നത്. ലീഗിന്റെ ആദ്യ കേന്ദ്രമന്ത്രിയെ ലഭിച്ചതും അദ്ദേഹം പ്രസിഡന്റായതിന് ശേഷമായിരുന്നു. ഇതിന് പിന്നില്‍ മറ്റ് പല ഘടകങ്ങളുമുണ്ടായിരുന്നെങ്കിലും ശിഹാബ് തങ്ങളുടെ പങ്ക് ഏറെ വലുതായിരുന്നു. ഒരേസമയം സാമുദായിക നേതാക്കന്മാരെയും മതേതര നേതാക്കന്മാരെയും ഒന്നിപ്പിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതെന്നും സി.പി സെയ്തലവി പറഞ്ഞു. സൂം വഴി നടന്ന ഓണ്‍ലൈന്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ സംഗമം ശിഹാബ് തങ്ങളുടെ മകനും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ബഹ്‌റൈനുമായുള്ള മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മ്മകളും അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു.
കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി ഒ.കെ കാസിം നന്ദിയും പറഞ്ഞു. ഭാരവാഹികളായ കുട്ടൂസ മുണ്ടേരി, ഗഫൂർ കൈപ്പമംഗലം, മുസ്തഫ കെ പി, എ പി ഫൈസൽ, എം എ റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി. പി വി മൻസൂർ സൂം മീറ്റിംഗ് നിയന്ത്രിച്ചു.