സൗദിയുള്‍പ്പടെ നാല് രാജ്യങ്ങളില്‍ നിന്നുള്ള വിതരണം കുറഞ്ഞതോടെ ആഗോള വിപണിയില്‍ എണ്ണവില വീണ്ടും വര്‍ധിച്ചു. അന്താരാഷ്ട്ര ഏജന്‍സികള്‍ക്കുള്ള എണ്ണ വിതരണത്തിലുള്ള ഇളവ് യു.എ.ഇ കര്‍ശനമാക്കിയതും വില വര്‍ദ്ധനക്ക് കാരണമായി. ഇതോടെ എണ്ണ വില മികച്ച നേട്ടത്തിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് ഉത്പാദക രാഷ്ട്രങ്ങള്‍.
സൗദി അറേബ്യ, ഇറാന്‍, കാനഡ, വെനിസ്വേല എന്നീ രാജ്യങ്ങളില്‍ നിന്നാണ് എണ്ണ വിതരണം കുത്തനെ കുറഞ്ഞത്. ഇതില്‍ സൗദി അറേബ്യയുടെ വിതരണം കുറച്ചത് നേരത്തെയെടുത്ത തീരുമാനത്തിന്റെ ഭാഗമാണ്. എണ്ണ വിതരണം വെട്ടിക്കുറക്കാനുള്ള ഒപെക് തീരുമാനം ശക്തമായി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി അറേബ്യ.
10.2 മില്യണ്‍ ബാരലായിരുന്നു ജനുവരിയില്‍ സൗദിയുടെ പ്രതിദിന വിതരണം. ഇതിപ്പോള്‍ 10.1 മില്യണായി കുറഞ്ഞു. അതായത് ഒപെകില്‍ വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചതിനും താഴെയാണിത്. വെനിസ്വേലയുടെ ദേശീയ എണ്ണക്കമ്പനിക്കെതിരെ യു.എസ് ഉപരോധ പ്രഖ്യാപനവും വിതരണം കുറച്ചു. ഇതോടെ വില ബാരലിന് അമ്പത്തി മൂന്നിനടുത്താണ്.