മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരണപ്പെട്ടു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശി ജയദേവൻ പാലശ്ശേരി (53) യാണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് സിത്ര ക്യാമ്പിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 15 വർഷമായി ബഹ്റൈൻ പ്രവാസിയാണ്. നാഷണൽ പ്രൊഫൈൽ ഫാക്ടറിയിൽ പ്രൊഡക്ഷൻ സൂപ്പർവൈസറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ജ്യോതി ലക്ഷ്മി, മക്കൾ: ജിഷ്ണമേനോൻ, ജ്യോത്സന മേനോൻ എന്നിവർ ബഹ്റൈനിലുണ്ട്. പാലക്കാട് ആർട്സ് & കൾച്ചറൽ തിയറ്റർ (പാക്ട് ബഹ്റൈൻ) സജീവാംഗമായിരുന്നു.
മൃതദേഹം കോവിഡ് പ്രതിരോധ നടപടിക്രമങ്ങൾക്കനുസൃതമായി ബഹ്റൈനിൽ തന്നെ സംസ്കരിക്കും.
ഇതോടെ ബഹ്റൈനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 160 ആയി ഉയർന്നു. ഇവരിൽ ഒൻപത് പേർ മലയാളികളാണ്. നിലവില്‍ 2871 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 39 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. 40276 പേർ രോഗമുക്തി നേടി ചികിത്സാ കേന്ദ്രങ്ങൾ വിട്ടിട്ടുണ്ട്. ഇതുവരെ 886095 പേരെയാണ് രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയത്.