ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ റെക്കോഡ് വര്‍ധനവ്. 64,399 പുതിയ കേസുകളാണ് ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 21,53,010 ആയി. പ്രതിദിന രോഗബാധിതരില്‍ കുറവുണ്ടായില്ലെങ്കില്‍ ഉടന്‍ തന്നെ ഇത് 22 ലക്ഷത്തിലേക്ക് അടുക്കും. 861 പേരാണ് ഇന്നലെ മാത്രം കോവിഡിന് കീഴടങ്ങിയത്. 43,379 ആണ് നിലവില്‍ രാജ്യത്തെ മരണ നിരക്ക്. രാജ്യത്ത് 6,28,747 പേര്‍ ചികിത്സയില്‍ തുടരുന്നു. കൂടാതെ 14,80,884 പേര്‍ ഇതുവരെ രോഗമുക്തരായി.
രാജ്യത്തെ ഹോട്ട്സ്പോട്ടായിരുന്ന ഡല്‍ഹിയില്‍ നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി കൊണ്ടിരിക്കുകയാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. അതേസമയം മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണം കൂടി വരുന്നു. ഇന്നലെ മാത്രം രാജ്യത്ത് 7,19,364 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായി ഐസിഎംആര്‍ അറിയിച്ചു. 2.41 കോടി സാംപിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധിച്ചത്.
അതേസമയം കേരളത്തില്‍ ഇന്നലെ 1,420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 485 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 173 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 73 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കൊല്ലം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 41 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 38 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.