കോഴിക്കോട്: കരിപ്പൂര്‍ വിമാനഅപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിമാനത്തില്‍ യാത്ര ചെയ്ത എല്ലാവരേയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിപ്പോളാണ് ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മരണപ്പെട്ട 18 പേരില്‍ ഒരാള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ എല്ലാവരോടും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടിരുന്നു. എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
അപകടത്തില്‍പ്പെട്ട 177 പേരാണ് പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ കഴിയുന്നത്. ഇതില്‍ 17 പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. അതില്‍ തന്നെ മൂന്ന് പേരുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്. ചികിത്സയിലുള്ളതില്‍ ഇരുപത് പേര്‍ കുട്ടികളാണ്. അപകട കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. പൈലറ്റും, സഹപൈലറ്റും മരണപ്പെട്ടതിനാല്‍ ബ്ലാക്ക് ബോക്സും കോക്ക് പിറ്റ് റെക്കോഡറും പരിശോധിച്ചു അപകടകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.