മനാമ: ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രതിരോധ വാക്സിന് പരീക്ഷണത്തില്‍ ബഹ്റൈനില്‍ നിന്നുള്ള 6,000 സന്നദ്ധപ്രവര്‍ത്തകര്‍ ഭാഗമാവും. കോവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിലാണ് ഇത്രയും പേര് പങ്കെടുക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വാക്സീന് പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രതീക്ഷയോടെ നോക്കികാണുന്ന പരീക്ഷണങ്ങളെ ലോകാരോഗ്യ സംഘടന ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതിലൊന്നിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് ഇപ്പോള്‍ ബഹ്റൈനില്‍ നടക്കുന്നത്.
യു.എ.ഇയിൽ നടത്തിയ പരീക്ഷണത്തിന് നേതൃത്വം കൊടുത്തവരുമായും അവരുടെ ചൈനീസ് പങ്കാളികളുമായും സഹകരിച്ചാണ് മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ നടക്കുന്നതെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് (എസ്.സി.എച്ച്) പ്രസിഡൻറും കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് അധ്യക്ഷനുമായ ലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കുന്നു.
നിരവധി രാജ്യങ്ങളാണ് കോവിഡ് വാക്സിന് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ആരംഭിച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യയുടെ കോവാക്സിന് മനുഷ്യരില്‍ പരീക്ഷിക്കുന്നതിന്റെ ആദ്യഘട്ടം പൂര്‍ത്തിയായിരുന്നു. ജൂലൈ 17നാണ് മനുഷ്യരിലുള്ള പരീക്ഷണം റോത്തക്കിലെ പിജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അധികൃതര്‍ ആരംഭിച്ചത്. എയിംസിലും പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. രണ്ടാംഘട്ടത്തില്‍ ആറ് പേര്‍ക്ക് കോവാക്സിന് കുത്തിവെച്ചിരിക്കുന്നത്.