ബഹ്റൈനിൽ നിന്നും സൗദിയിലേക്ക് മദ്യം കടത്തിയ മലയാളികൾ പിടിയിൽ

മനാമ: ബഹ്‌റൈന്‍- സൗദി കോസ് വേ വഴി മദ്യം കടത്തിയ മലയാളികള്‍ പിടിയില്‍. മദ്യം കടത്തിയ ആറ് മലയാളിൾ ഒരാഴ്ചക്കിടയിൽ പിടിയിലായതായി ഇരുരാജ്യങ്ങളുടെയും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ദമ്മാമില്‍ നിന്നും ബഹ്റൈനിലേക്ക് ടാക്‌സി സര്‍വീസ് നടത്തിവന്നിരുന്ന മലയാളികളാണ് പിടിക്കപ്പെട്ടത്.

എറണാകുളം സ്വദേശികളായ മലയാളി കുടുംബമാണ് കഴിഞ്ഞ ദിവസം പിടിയിലായത്.
സമാനമായ കേസില്‍ കഴിഞ്ഞ ദിവസം തിരൂര്‍ സ്വദേശിയും പിടിയിലായി. ബഹ്‌റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി ഏജന്റുമാര്‍ നാട്ടില്‍ നിന്നും ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്തു റിക്രൂട്ട് ചെയ്ത് കൊണ്ടു വന്നാണ് കെണിയില്‍പ്പെടുത്തുന്നതെന്ന് ബഹ്റൈനിൽ സമാന്തര സംഭവങ്ങൾക്ക് സാക്ഷിയായവർ പറയുന്നു. പലരും പിടിക്കപ്പെടുമ്പോൾ മാത്രമാണ് ചതി തിരിച്ചറിയുന്നതെന്നും ഇവർ പറയുന്നു. കുടുംബ സമേതം സഞ്ചരിക്കുന്ന കാറുകളിൽ പരിശോധന ഇളവ് ലഭിക്കുമെന്ന തോന്നലിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്.

പിടിക്കപ്പെട്ടവരുടെ മോചനത്തിനെന്ന പേരില്‍ ഒരു ഏജന്റ് ബന്ധുക്കളില്‍ നിന്നും മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയതായും കുടുംബം ആരോപിക്കുന്നു. മദ്യകടത്തിനും ലഹരി ഉപയോഗത്തിനും കര്‍ശനമായ ശിക്ഷകള്‍ നിലനില്‍ക്കുന്ന രാജ്യമാണ് സൗദി. പിടിക്കപ്പെടുന്നവര്‍ കോടതി നല്‍കുന്ന ശിക്ഷാ വിധിക്ക് ശേഷം ആജീവനാന്ത വിലക്കോടെ നാട് കടത്തപ്പെടുകയാണ് ചെയ്യുക.