bahrainvartha-official-logo
Search
Close this search box.

കേരളീയ സമാജത്തിൽ ഇത് മെഗാവാരം; ‘ശ്രാവണം 2019’ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 19 ന്, സാമൂഹിക സംസ്കാരിക രാഷ്ട്രീയ കലാ രംഗത്തെ പ്രമുഖർ ബഹ്റൈനിലെത്തും

oznorWO

മനാമ: ബഹ്റൈൻ കേരളീയ സമാജം ഈ വർഷത്തെ ഓണാഘോഷ പരിപാടിയുടെ ഔദ്യോഗികമായ ഉദ്ഘാടനം സെപ്തംബർ 19 ആം തിയ്യതി ബഹുമാന്യ കേരള നിയമസഭാസ്പീക്കർ ശ്രീ. പി.ശ്രീരാമകൃഷ്ണൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു. ഓണാഘോഷ പരിപാടിയുടെ ഭാഗമായ പലഹാരമേള, അത്തപൂക്കള മത്സരം, കിണ്ണംകളി, ഘോഷയാത്ര, മറ്റു കലാ കായിക മത്സരങ്ങൾ എന്നിവ ഇതിനോടകം തന്നെ നടന്നു കഴിഞ്ഞതായും വലിയ ജന പങ്കാളിത്തമാണ് എല്ലാ പരിപാടികളിലും പ്രകടമായതെന്നും, ബഹ്‌റൈൻ മലയാളി സമൂഹത്തോടും ഇന്ത്യൻ സമൂഹത്തോടും ഉള്ള കടപ്പാടുകൾ പ്രകടിപ്പിച്ചു കൊണ്ട് തന്നെയാണ് സമാജത്തിന്റേതായ ഓരോ പരിപാടികളും കടന്നുപോവുന്നതെന്നും പ്രതിനിധികൾ കൂട്ടിച്ചേർത്തു.

‘കേരളത്തിന്റെ കണ്ണുനീരായി മഴക്കെടുതി ഉണ്ടായപ്പോൾ സർക്കാരിനെയും ജനങ്ങളെ നേരിട്ടും സഹായിക്കുവാൻ ബഹ്‌റൈൻ കേരളീയസമാജം മുന്നിൽ നിന്നിരുന്നു. പലകാര്യങ്ങളിലും ബഹ്‌റൈൻ മലയാളിസമൂഹത്തിന് ഒരു അത്താണിയാണ് കേരളീയസമാജം. അംഗങ്ങൾ അല്ലെങ്കിലും സഹായം നല്കപ്പെടുവാനോ പരിപാടികളിൽ പങ്കെടുക്കുവാനോ ഒരു തരത്തിലുമുള്ള വിലക്കുകളും ഏർപ്പെടുത്തിയിട്ടില്ല എന്നതാണ് പൊതുസമൂഹത്തെ ഒന്നടങ്കം സമാജത്തിലേക്കു ആകർഷിക്കുന്നത്. വളരെ ദീർഘവീക്ഷണത്തോടെയും ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും ഉള്ള മുന്നേറ്റങ്ങളിലൂടെയാണ് കേരളീയ സമാജത്തിന് ഇന്നുള്ള പെരുമ നേടിയെടുക്കുവാനായത്. ലോക മലയാളികൾക്കിടയിൽ അറിയപ്പെടുന്ന ഒരുപ്രസ്ഥാനമായി സമാജത്തിനു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇവിടുത്തെ പൊതുസമൂഹത്തിനും കൂടി അതിൽ പങ്കാളിത്തമുണ്ട് എന്ന് തങ്ങൾ വിശ്വസിക്കുന്നതായും’ പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു.

ബിസിനസ്സ് താൽപര്യങ്ങൾക്കൊപ്പം സ്വന്തം നാടിനെയും നാട്ടുകാരെയും മറക്കാത്തവരായ പ്രതിബദ്ധത കാണിക്കുന്ന കലാ കായിക പ്രേമികളായ നിരവധി വലിയ വ്യക്തിത്വങ്ങളെയും മറ്റും ഓണാഘോഷത്തിന്റെ ഭാഗമായി ഈ വർഷം നടക്കുന്ന ചടങ്ങിൽ ബികെഎസ് ആദരിക്കും.

 

19 ആം തിയ്യതി മുതൽ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ വർഷം ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികളുമായായായിരുന്നു ഓണാഘോഷം ക്രമീകരിച്ചിരുന്നത്. സെപ്റ്റംബർ ഒന്നിന് തുടങ്ങിയ പരിപാടികൾ ഒക്‌ടോബർ 4 ആം തിയ്യതി 5000 പേർക്കുള്ള ഓണസദ്യയോടെ അവസാനിക്കും. പ്രശസ്ത പാചക വിദഗ്ദ്ധന്‍ ശ്രീ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ആണ് സദ്യ ഒരുക്കുന്നത്. ശ്രീ ഉണ്ണികൃഷ്ണ പിള്ള കണ്‍വീനര്‍ ആയുള്ള കമ്മിറ്റിയാണ് ഓണസദ്യക്കുള്ള ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

കേരളത്തിലെയും ഇന്ത്യയിലെയും പ്രശസ്തരായ കലാകാരന്മാരാണ് വിവിധ ദിവസങ്ങളിലായി കലാപരിപാടികൾ അവതരിപ്പിക്കുവാനായി എത്തുന്നത്. കലാ സാംസ്കാരിക രംഗത്തുള്ളവരെയും ബിസിനസ്‌ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരെയും ആദരിക്കുന്ന ചടങ്ങുകൾ വിവിധ ദിസങ്ങളിലായി നടക്കുന്നുണ്ട്. 19 ന് നടക്കുന്ന ഉദ്ഘാടന ദിവസം സ്വരലയ ദേവരാജൻ അവാർഡ് പ്രശസ്ത ഗായകൻ ശ്രീ.ഹരിഹരനും ബികെഎസ് ബ്രഹ്മാനന്ദൻ പുരസ്കാരം ഗായകൻ മധുബാലകൃഷ്ണനും നൽകപ്പെടും. യുവ ബിസിനസ്സ്കാരായ ശ്രീ.വിപിൻ ദേവസ്യയെയും ശ്രീ.ഷൈൻ ജോയിയേയും പ്രസ്തുതചടങ്ങിൽ വെച്ച് ആദരിക്കുന്നതാണ്. സ്പീക്കർ ശ്രീ.പി ശ്രീരാമകൃഷ്ണൻ മുഘ്യ അഥിതിയായെത്തുന്ന പരിപാടിയിൽ കേരള മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ. എംഎ. ബേബിയും പങ്കെടുക്കുന്നുണ്ട്. അന്നേ ദിവസം അനുഗ്രഹീതഗായകരായ ഹരിഹരൻ, മധുബാലകൃഷ്ണൻ, നരേഷ്അയ്യർ, രാകേഷ്ബ്രഹ്മാനന്ദൻ ഗായിക സിതാര എന്നിവർ നയിക്കുന്നഗാനമേളയായിരിക്കും പ്രധാന ആകർഷണം. മലയാളഗാനശാഖക്ക് ഒരിക്കലും മറക്കാനാവാത്ത രവീന്ദ്രന്‍ മാഷിന്റെയും ജോണ്‍സണ്‍ മാഷിന്റെയും പാട്ടുകൾക്ക് പ്രാമുഖ്യം കൊടുത്തു കൊണ്ടുള്ള രീതിയിലായിരിക്കും അന്നേ ദിവസത്തെ ഗാനമേള നടക്കുക.

20ആം തിയ്യതി സൂര്യഫെസ്റ്റ് അരങ്ങേറും. കേന്ദ്രമന്ത്രി ശ്രീ. അൽഫോൻസ് കണ്ണന്താനം ആയിരിക്കും മുഖ്യതിഥി. പ്രശസ്ത കലാകാരൻ ശ്രീ. സൂര്യ കൃഷ്ണമൂർത്തി അതിഥിയായി പങ്കെടുക്കും. കേരളത്തിലെ പ്രശസ്തരായ ഡാൻസർമാരും ഗായകരും മറ്റു കലാകാരന്മാരെയും ഉൾക്കൊള്ളിച്ചുകൊണ്ട് ശ്രീ സൂര്യ കൃഷ്ണമൂർത്തി അണിയിച്ചൊരുക്കുന്ന വലിയ കലാവിരുന്നായിരിക്കും അന്ന് ഉണ്ടായിരിക്കുക. നടിയും നർത്തകിയുമായ ഷംനാകാസിം, ഗായകൻ നജീംഅർഷാദ്, സിയാ ഉൽ ഹഖ് , സജ്‌ന, സിജുകുമാർ, മാളവിക, ദുർഗ്ഗാവിശ്വനാഥ്‌, ആറ്റുകാൽ ബാല സുബ്രഹ്മണ്യം തുടങ്ങി നിരവധി കലാകാരമാരാണ് അന്ന് പങ്കെടുക്കുന്നത്. അറിയപ്പെടുന്ന ബഹ്‌റൈനി ബിസിനസ്സ്മാൻ ശ്രീ. ഖാലിദ്ജുമയെ  പ്രസ്തുത ചടങ്ങിൽ വെച്ച് ആദരിക്കുന്നതാണ്.

21 ആം തിയ്യതി കേരളത്തിന്റെ മുൻ പ്രവാസികാര്യ മന്ത്രി ശ്രീ.കെ സി ജോസഫ് മുഖ്യ അതിഥി ആയി എത്തിച്ചേരും. പരമ്പരാഗത രീതിയിലുള്ള തിരുവാതിര മത്സരമാണ് അന്ന് പ്രധാനമായും അരങ്ങേറുക.

22 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ദിവസങ്ങളിൽ ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാകാരന്മാരും കേരളീയ സമാജം കലാകാരന്മാരും അണിയിച്ചൊരുക്കുന്ന വിവിധങ്ങളായ കലാപരികള്‍ വേദിയില്‍ അരങ്ങേറും. ഡാൻസ് പരിപാടികൾ, കഥാപ്രസംഗം, ഒപ്പന, വെസ്റ്റേൺ ഡാൻസ്, നാടൻ പാട്ടുകൾ, കവിതകളുടെ ദൃശ്യാവിഷ്‌കാരം തുടങ്ങി വലിയ കലാവിരുന്നുകളാവും ഉണ്ടായിരിക്കുക. ഷീനാചന്ദ്രദാസ്, ഔറ ആർട് സെൻറർ, സഹൃദയപയ്യന്നൂർ നാടൻ പാട്ടുസംഗം, പ്രേമൻ ചാലക്കുടി, മനോഹരൻ പാവറട്ടി, ഭാര്തശ്രീ രാധാകൃഷ്ണൻ, ഗായത്രി, ഷീജനടരാജ്, കൊച്ചു ഗുരുവായൂർ, ബികെഎസ് നാദബ്രഹ്മം മ്യൂസിക് ക്ലബ്ബ്, ശുഭ അജിത്ത്, ബേബികുട്ടൻ എന്നിവരാണ് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നത്.

26 ആം തിയ്യതി ബോളിവുഡിൽ നിന്നുമുള്ള പ്രശസ്തരായ നീരവ് ബാവ്‌ലേചയും സംഘവും അവതരിപ്പിക്കുന്ന ഡാൻസാണ് പ്രധാന കലാ വിരുന്ന്.

സമാപനദിവസമായ 27ആം തിയ്യതി മുഖ്യാതിഥി ആയി പങ്കെടുക്കുന്നത് കേരള പ്രതിപക്ഷ നേതാവ് ജീ. രമേശ്‌ ചെന്നിത്തലയാണ്. അന്നേദിവസം ബഹ്റൈനിലെ അറിയപ്പെടുന്ന രണ്ടു ബിസിനസ്സുകാരനായ ശ്രീ.സിപി വർഗീസിനെയും അബ്ദുൽ മജീദ് തെരുവത്തിനെയും ആദരിക്കുന്നുണ്ട്. തുടർന്ന് കേരത്തിന്റെ വാനമ്പാടി കെഎസ്ചിത്ര, ഹരിശങ്കർ, ടീനു, വിജിത ശ്രീജിത് & ടീം എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ സിംഫണിയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു .

എല്ലാ പരിപാടികളും വൈകീട്ട് 7 30 തന്നെ ആരംഭിക്കും. എല്ലാപരിപാടികൾക്കും മുഴുവൻ ബഹ്‌റൈൻ പ്രവാസികളെയും ഹൃദയപൂർവ്വംസ്വാഗതം ചെയ്യുന്നതായും നമ്മുടെ സംസ്കാരം വിളിച്ചോതുന്ന അച്ചടക്കത്തോടെ പരിപാടികൾ ആസ്വദിക്കണമെന്നും ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് ശ്രീ പിവി രാധാകൃഷ്ണപിള്ള ശ്രീ.എംപി രഘു  ഓണാഘോഷ കമ്മിറ്റി കൺവീനർ ശ്രീ.പവനൻ തോപ്പില്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

സമാജം പ്രസിഡണ്ട്‌ പി വി രാധാകൃഷ്ണ പിള്ള , ജനറല്‍ സെക്രട്ടറി എം പി രഘു, ട്രഷറര്‍ വി എസ് ദിലീഷ് കുമാര്‍ , മെംബെര്‍ഷിപ്‌ സെക്രട്ടറി ബിനു വേലിയില്‍ ,കലാ വിഭാഗം സെക്രട്ടറി ഹരീഷ് മേനോന്‍, ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ പവനന്‍ തോപ്പില്‍, ശരത്ത് രാമചന്ദ്രന്‍, ആഷ്ലി കുര്യന്‍ ഓണസദ്യ കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!