മലയാളം മിഷന്‍ ബഹ്റൈൻ ചാപ്റ്റർ പ്രവേശനോത്സവം നാളെ; ഇത്തവണ പരിപാടി ഓണ്‍ലൈനില്‍, പ്രൊഫസര്‍ സുജ സൂസന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും

മനാമ: കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാതൃഭാഷാ പ്രചരണ സംരംഭമായ മലയാളം മിഷന്റെ ബഹ്‌റൈന്‍ ചാപ്റ്ററിലെ ഈ അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം നാളെ നടക്കും. മുന്‍ കാലങ്ങളില്‍ ഉത്സവാന്തരീക്ഷത്തില്‍ നടത്തിയിരുന്ന പ്രവേശനോത്സവം കോവിഡ് 19 ന്റെ പശ്ചാത്തലില്‍ മലയാളം മിഷന്‍ ബഹ്‌റൈന്‍ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ ഓണ്‍ലൈനായാണ് നടത്തപ്പെടുന്നത്. നാളെ രാവിലെ പത്ത് മണിക്ക് തത്സമയം നടക്കുന്ന ചടങ്ങില്‍ മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫസര്‍ സുജ സൂസന്‍ ജോര്‍ജ്ജ് ഔപചാരികമായി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും.

മിഷന്‍ രജിസ്ട്രാര്‍ എം.സേതുമാധവന്‍, അധ്യാപക പരിശീലന വിഭാഗം മേധാവി ഡോ.എം.ടി.ശശി കവികളായ വി.മധുസുധന്‍ നായര്‍, ഗിരീഷ് പുലിയുര്‍, മനോജ് കുറൂര്‍ ചാപ്റ്റര്‍ പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, ചാപ്റ്റര്‍ ഉപസമിതിയുടെയും വിവിധ മേഖലാ കേന്ദ്രങ്ങളിലെയും പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കുമെന്ന് ചാപ്റ്റര്‍ സെക്രട്ടറി ബിജു.എം.സതീഷ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പാഠശാലാ പഠിതാക്കള്‍ അവരുടെ വീടുകളിലിരുന്ന് തയ്യാറാക്കി അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരം, ഡോക്യു ഡ്രാമ, സംഘഗാനം, ദൃശ്യാവിഷ്‌കാരം തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കും. ബഹ്‌റൈന്‍ കേരളീയ സമാജം, ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി , കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസ്സിയേഷന്‍, ബഹ്‌റൈന്‍ പ്രതിഭ, ഗുരുദേവസോഷ്യല്‍ സൊസൈറ്റി, ദിശ സെന്റര്‍, വ്യാസ ഗോകുലം എന്നീ മലയാളം മിഷന്‍ മാതൃഭാഷാ പഠന കേന്ദ്രങ്ങളിലെ കണിക്കൊന്ന കോഴ്‌സിലേക്കുള്ള പ്രവേശനോത്സവമാണ് സംഘടിപ്പിക്കുന്നത്. മാതൃഭാഷാ പഠനത്തിനാഗ്രഹിക്കുന്നവര്‍ പാഠശാലകളുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.