കൊല്ലം സ്വദേശി ബഹ്റൈനിൽ കോവിഡ് ബാധിച്ച് മരിച്ചു

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരണപ്പെട്ടു. കൊല്ലം ജില്ലയിലെ ആയൂർ അർക്കന്നൂർ സ്വദേശി വിളയിൽ വീട് സന്തോഷ് കുമാർ (44) ആണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് സിത്ര ക്യാമ്പിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒന്നര വർഷമായി ബഹ്റൈനിൽ ബെയ്സൺ ഇൻറർനാഷണൽ കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ: രമ്യ സന്തോഷ്, മകൻ: അഭിനവ് സന്തോഷ് (11) എന്നിവർ നാട്ടിലാണ്.

മൃതദേഹം കോവിഡ് പ്രതിരോധ നടപടിക്രമങ്ങൾക്കനുസൃതമായി ബഹ്റൈനിൽ തന്നെ സംസ്കരിക്കും.

ഇതോടെ ബഹ്റൈനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 162 ആയി ഉയർന്നു. ഇവരിൽ പത്ത് പേർ മലയാളികളാണ്. നിലവില്‍ 2918 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 35 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. 40549 പേർ രോഗമുക്തി നേടി ചികിത്സാ കേന്ദ്രങ്ങൾ വിട്ടിട്ടുണ്ട്. ഇതുവരെ 892926 പേരെയാണ് രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയത്.