സാംസംഗ് ഇലക്ട്രോണിക്‌സ് ചെയര്‍മാന്‍ ലീ കുന്‍ ഹി അന്തരിച്ചു

സോള്‍: ബഹുരാഷ്ട്ര കമ്പനിയായ സാംസംഗ് ഇലക്ട്രോണിക്‌സ് ചെയര്‍മാന്‍ ലീ കുന്‍ ഹി അന്തരിച്ചു. 78 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് ചെയര്‍മാന്റെ മരണം കമ്പനി സ്ഥിരീകരിച്ചത്. 2014 മുതല്‍ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ലീ കുന്‍ ചികിത്സയിലായിരുന്നു. ഇതേതുടര്‍ന്ന് മകന്‍ ലീ ജാ യോങ്ങാണ് കമ്പനിയുടെ ചുമതലകള്‍ നിര്‍വ്വഹിച്ചിരുന്നത്.

ലീ യുടെ മരണത്തില്‍ അഗാധ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ ഓര്‍മ്മകളില്‍ അഭിമാനിക്കുന്നുവെന്ന് കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. തന്റെ പിതാവില്‍ നിന്നാണ് ലീ സാംസംഗ് ഏറ്റെടുക്കുന്നത്. ലോകത്തിലെ തന്നെ വലിയ മത്സരം നടക്കുന്ന ഇലക്ട്രേണിക് മേഖലയില്‍ മുന്‍നിരയിലേക്ക് ലീ സാംസംഗിനെ നയിച്ചു. 1987 മുതല്‍ 98 വരെ സാംസംഗ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു. 1998 മുതല്‍ 2008 വരെ സിഇഒയും ചെയര്‍മാനുമായുമായിരുന്നു. 2010 മുതല്‍ 2020 വരെ ചെയര്‍മാനായും സ്ഥാനം വഹിച്ചു.

ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നമ്പര്‍ വണ്‍ ബ്രാന്‍ഡായി മാറുന്നത് ലീയുടെ കാലഘട്ടത്തിലാണ്. കൊറിയയിലെ ഏറ്റവും സമ്പന്നനായ വ്യക്തി കൂടിയാണ് ലീ. കൊറിയയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചിലൊന്ന് സംഭാവന ചെയ്യുന്നുണ്ട് സാംസംഗ്. 2005ല്‍ ടൈം മാഗസിന്റെ ലോകത്തെ സ്വധീനിച്ച നൂറ് വ്യക്തികളുടെ പട്ടികയില്‍ ലീ സ്ഥാനം പിടിച്ചിരുന്നു.