സാങ്കേതിക തകരാര്‍ മൂലം ഓണ്‍ലൈന്‍ പരീക്ഷ മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കണം; യു .പി .പി

മനാമ: സാങ്കേതിക തകരാര്‍ മൂലം ഓണ്‍ലൈന്‍ പരീക്ഷ മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു അവസരം കൂടി നല്‍കണമെന്ന് യുപിപി. ഒരു ലാപ്‌ടോപ്പ് മാത്രമുള്ള പല വീടുകളിലെയും കുട്ടികള്‍ രക്ഷിതാക്കളുടെ കയ്യിലുള്ള ഫോണുകളെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ആശ്രയിക്കുന്നത്. പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന കുട്ടികളില്‍ പലര്‍ക്കും മന്ദഗതിയിലായിപ്പോകുകയും ഇടക്ക് വിച്ഛേദിക്കപ്പെടുകയും ചെയ്യുന്ന ഇന്റര്‍നെറ്റ് സംവിധാനങ്ങളാണുള്ളത്.

മിക്ക ടെലികോം കമ്പനികളുടെയും ടവറിനു സമീപത്ത് ലഭിക്കുന്ന വ്യക്തത ടവറില്‍ നിന്നും ദൂരെയാകുന്ന ഫോണുകളില്‍ കിട്ടാറില്ല. ഇത്തരം സാങ്കേതിക തകരാര്‍ നിലനില്‍ക്കുന്ന് കൊണ്ട് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പരീക്ഷ നടന്നപ്പോള്‍ പല കുട്ടികള്‍ക്കും പരീക്ഷയെ കുറിച്ച് അറിയാനോ പങ്കാളിയാകാനോ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പരീക്ഷ എഴുതാന്‍ കഴിയാതെ പോയ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു അവസരം കൂടി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്ന് യു.പി.പി ആവശൃപ്പെട്ടു.

ഇന്നത്തെ സാഹചര്യത്തില്‍ വളരെ ബുദ്ധിമുട്ടിയാണ് ഓരോ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത് രണ്ടും മൂന്നും കുട്ടികളുള്ള പല വീടുകളിലും പരിമിതമായ ഓണ്‍ലൈന്‍ സൗകര്യങ്ങളാണുള്ളത്. ഇക്കാര്യങ്ങള്‍ പരിഗണിക്കണം. കൂടാതെ ഫീസ് കുടിശ്ശികയുടെ പേരില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും പുറത്താക്കപ്പെട്ടതില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന മുഴുവന്‍ കുട്ടികളെയും ഉടന്‍ തിരിച്ചെടുക്കണമെന്നും യു.പി.പി ആവശൃപ്പെട്ടു.