പ്രവാസികളുടെ നിർബന്ധിത ക്വാറൻ്റീൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ആരോഗ്യ മന്ത്രിക്കും ബഹ്റൈൻ കേരളീയ സമാജം കത്തയച്ചു

മനാമ: പ്രവാസികളുടെ നിർബന്ധിത ക്വാറന്റൈൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്റൈൻ കേരള സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള കേരള മുഖ്യമന്ത്രിക്കും, ആരോഗ്യ മന്ത്രിക്കും കത്തയച്ചു.

പല പ്രവാസികളും കുറച്ചു ദിവസങ്ങൾ മാത്രം ജോലിയിൽ നിന്ന് ലീവെടുത്ത് നാട്ടിൽ വരുന്നവരാണെന്നും, മരണം, വിവാഹം, വിദ്യാഭ്യാസം, ജോലി, ഇന്റർവ്യൂ, തുടങ്ങി വളരെ പ്രധാനപ്പെട്ട ആവശ്യങ്ങൾക്കായി നാട്ടിലെത്തുന്ന പ്രവാസികൾക്ക് രണ്ടാഴ്ചത്തെ നിർബന്ധിത ക്വാറന്റൈൻ ബുദ്ധിമുട്ടേറിയതാണെന്നും കത്തിൽ പറയുന്നു.

അതേസമയം, കേരള സർക്കാർ പകർച്ചവ്യാധിയെ നേരിടുന്നതിൽ പുലർത്തുന്ന കരുതൽ അഭിനന്ദിനീയമാണെന്നും, എന്നാൽ കൃത്യമായ കോവിഡ് നിയന്ത്രണങ്ങളിലൂടെ കന്നുപോകുന്ന, പ്രതിദിനം 300 ൽ താഴെ രോഗങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന, വലിയൊരു വിഭാഗം ജനങ്ങളും ഇതിനോടകം പ്രതിരോധകുത്തിവെയ്പ്പ് എടുത്ത് കഴിഞ്ഞ ബഹ്റൈൻ പോലൊരു രാജ്യത്ത് നിന്നുള്ള പ്രവാസികൾക്ക് ഇളവുകൾ അനുവദിക്കണമെന്ന് ബഹ്റൈൻ മലയാളി സമാജം പ്രസിഡന്റ് ആവശ്യപ്പെട്ടു.

തങ്ങൾ ബഹ്റൈനിൽ മാസ്ക്, സാമൂഹിക അകലം തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ ബഹ്റൈനിലെ കർശനമായ നിയമവ്യവസ്ഥയ്ക്ക് കീഴിൽ പാലിക്കുന്നവരാണെന്നും, ബഹ്റൈനിൽ നിന്ന് കേരളത്തിലേക്ക് വരുന്ന എല്ലാവരും ക്വാറൻ്റീൻ ഇല്ലാത്ത പക്ഷം 72 മണിക്കൂറിനുള്ളിൽ പിസിആർ ടെസ്റ്റിന് വിധേയരാവാൻ തയ്യാറാവരാണെന്നും സമാജം പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളിൽ , പിസിആർ ടെസ്റ്റിന് പുറമെ നിർബന്ധിത ക്വാറന്റൈൻ ഇല്ല എന്നതും അദ്ദേഹം മുഖ്യമന്ത്രിയുടേയും, ആരോഗ്യ മന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തി.

കത്തിൻ്റെ പൂർണ രൂപം