പി എൻ മോഹൻരാജിൻ്റെ ‘മത്സ്യഗന്ധി’ നാടകം ഇന്ന് കേരളീയ സമാജം വെർച്വൽ പ്ലാറ്റ്ഫോമിൽ

മനാമ: ഒത്തുച്ചേരലുകളുടെ അഹ്ലാദങ്ങളും, ആസ്വാദനങ്ങളും, പങ്കുവയ്ക്കലുകളുമൊക്കെ ഇനിയും വിദൂരമെങ്കിലും, ബഹ്റൈൻ കേരളീയ സമാജം കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്,

വെർച്വൽ പ്ലാറ്റ്ഫോം എന്ന സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി കലാരംഗത്തും ഇതര രംഗങ്ങളിലും അതിൻ്റെ പ്രവർത്തന സപര്യ തുടരുകയാണ്.

സ്ത്രീത്വത്തിന്റെ വിങ്ങലുകളുടേയും,
സമൂഹത്തിന്റെ പുറമ്പോക്കുകളിലേക്കു തഴയപ്പെട്ടവരുടെ ചീഞ്ഞളിഞ്ഞുപോയ സ്വപനങ്ങളുടേയും കഥ പറയുന്ന ഏക പാത്രനാടകം ‘മത്സ്യ ഗന്ധി’ ജനുവരി 17 ഞായർ വൈകിട്ട് ബഹ്‌റൈൻ സമയം 5 മണിക്ക് പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് സമാജം.

നാടക – ചലച്ചിത്ര താരം സജിത മഠത്തിൽ രചിച്ച്, പി എൻ മോഹൻ രാജ് സംവിധാനം ചെയ്ത്, നേഹ ഷെറിൻ അരങ്ങിൽ എത്തുന്ന ഈ നാടകത്തിന്റെ
ഔപചാരികമായ ഉൽഘാടന ചടങ്ങിൽ മുഖ്യ അതിഥിയായി പ്രശസ്ത സിനിമതാരം നവ്യ നായർ, വിശിഷ്ട അതിഥികളായി സൂര്യ കൃഷ്ണമൂർത്തി,
പ്രശസ്ത നോവലിസ്റ്റും സമാജം അംഗവുമായ ബെന്യാമിൻ, സജിത മഠത്തിൽ, പ്രൊഫസർ അലിയാർ,
നാടകകൃത്ത് ഫ്രാൻസിസ് ടി മാവേലിക്കര, ഡോ. സാംകുട്ടി പട്ടംകരി,
നാടക ചലച്ചിത്ര സംവിധായകൻ ശ്രീജിത്ത്‌ പൊയിൽക്കാവ്, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ സംബന്ധിക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള അറിയിച്ചു.

ഇന്ന് വൈകിട്ട് ബഹ്‌റൈൻ സമയം 5 മണിക്ക് (ഇന്ത്യൻ സമയം 7.30 pm) ഈ പരിപാടി ലൈവ് ആയി സമാജം ഫേസ്ബുക്ക് പേജിലും, കോൺവെക്സ് CLive യു ട്യൂബ് ചാനലിലും കാണാൻ സാധിക്കും.