“കൈകോർക്കാം സാമൂഹിക നന്മയ്ക്കായ്” സോഷ്യൽ വെൽഫെയർ അസോസിയേഷൻ കാമ്പയിൻ സംഘടിപ്പിക്കുന്നു

മനാമ: പ്രവാസികൾക്കിടയിലെ എല്ലാ വിഭാഗം ജനങ്ങളെയും അണി നിരത്തി സ്നേഹ സൗഹൃദങ്ങൾ വളർത്തി മാനവികമായ മുന്നേറ്റം സാധ്യമാക്കുക എന്ന ലക്ഷ്യo മുൻനിർത്തി “കൈകോർക്കാം സാമൂഹിക നന്മയ്ക്കായ്” എന്ന തലക്കെട്ടിൽ സോഷ്യൽ വെൽഫെയർ അസോസിയേഷൻ മാർച്ച് 1 മുതൽ 31 വരെ കാമ്പയിൻ സംഘടിപ്പിക്കുന്നു. ജീവിത ഭാരം പേറി പ്രവാസ ഭൂമികയിൽ അഭയം തേടിയവർക്ക് ആശ്വാസമെത്തിക്കുക, നാടിന്റെ സാമൂഹികാവസ്ഥകൾ അപ്പപ്പോൾ പ്രവാസികളിൽ എത്തിക്കുക, അവരിൽ സാമൂഹിക അവബോധം സജീവമാക്കി നിലനിർത്തുക, ബഹ്റൈനിലെയും നാട്ടിലെയും ഔദ്യോഗിക ഏജൻസികളുമായി സഹകരിച്ചു പ്രവാസികൾക്ക് വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകുക, വിവിധ പ്രവാസി ക്ഷേമ പദ്ധതികൾ ഉപയോഗപ്പെടുത്താൻ എല്ലാ പ്രവാസികൾക്കും സൗകര്യമൊരുക്കുക തുടങ്ങിയ സമഗ്രമായ പദ്ധതികൾ ഉൾക്കൊള്ളുന്ന സ്നേഹത്തിൻ്റെയും സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും കൂട്ടായ്മയാണ് കാമ്പയിൻ മുന്നോട്ടുവയ്ക്കുന്നത്.

 

മനുഷ്യസമൂഹം അവനവനിലേക്ക് മാത്രം ഒതുങ്ങിപ്പോവുകയും സ്വന്തം നേട്ടങ്ങൾക്കും സുഖ സൗകര്യങ്ങൾക്കും വേണ്ടി മാത്രം നിലകൊള്ളുകയും ചെയ്യുന്ന ഈയൊരു സാഹചര്യത്തിൽ പ്രവാസി സമൂഹത്തിന് വ്യക്തമായ ദിശാബോധം നൽകുന്ന വൈജ്ഞാനിക പ്രവർത്തനങ്ങളും മാനസികവും ശാരീരികവും സാമ്പത്തികവുമായ പ്രശ്നങ്ങളിൽ പെട്ടുഴലുന്നവർക്ക് ആശ്വാസത്തിൻ്റെ തെളിനീര് നൽകാനുതകുന്ന സമയബന്ധിതവും കാര്യക്ഷമവുമായ രീതിയിലുള്ള ബോധവത്കരണ പ്രവർത്തനങ്ങളും കാമ്പയിനിന്റെ ഭാഗമായി ആസൂത്രണം ചെയ്തു വരുന്നതായി സോഷ്യൽ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് ഏറിയാട് പത്രക്കുറിപ്പിൽ അറിയിച്ചു.

 

ആരോഗ്യമുള്ള പ്രവാസ ജനത എന്ന ലക്ഷ്യ സാക്ഷാത്കാരത്തിനായി ഉദ്ഘാടന സമ്മേളനം, പ്രവർത്തക സംഗമം, ആരോഗ്യബോധവൽകരണ പരിപാടികള്‍, മെഡിക്കല്‍ ക്യാമ്പുകൾ, ധൈഷണികവും വൈജ്ഞാനികവുമായ ഉണർവുകൾ നൽകുന്ന വെബിനാറുകൾ, പഠന പരിശീലന ക്ലാസുകൾ, ക്ഷേമനിധി അംഗത്വ കാമ്പയിൻ, WelCare സേവന പ്രവർത്തനങ്ങൾ, വനിതാസമ്മേളനം തുടങ്ങി വിപുലമായ പരിപാടികൾ കാമ്പയിനിന്റെ ഭാഗമായി ആവിഷ്ക്കരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 33045237, 38825579 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.