പ്രളയനാന്തരം എറണാകുളം ജില്ലയിലെ ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിൽ ഹൈബി ഈഡൻ എം എൽ എ നടപ്പിലാക്കുന്ന ചേരാം ചേരാനെല്ലൂരിനോപ്പം ക്യാമ്പയിന്റെ ഭാഗമായുള്ള തണൽ ഭവന പദ്ധതിയിലെ 5 വീടുകളുടെ ശിലാസ്ഥാപനം വി കെ എൽ ഗ്രൂപ്പ് ചെയർമാൻ ഡോ .വർഗീസ് കുര്യൻ നിർവ്വഹിച്ചു. ഇതോടെ തണൽ ഭവന പദ്ധതിയിൽ 24 വീടുകൾക്ക് തറക്കല്ലിട്ടു. ബഹ്‌റൈൻ ആസ്ഥാനമായുള്ള വി കെ എൽ ഗ്രൂപ്പാണ് 5 വീടുകളുടെയും സ്പോൺസർ.
ചേരാനെല്ലൂർ ഗ്രാമപഞ്ചായത്ത് 15 )o വാർഡിൽ മാട്ടുമ്മൽ റോഡിൽ നെൽകുന്നശ്ശേരി ജോസഫിന്റെ വീടിന് തറക്കല്ലിട്ടാണ് 5 വീടുകളുടെയും നിർമ്മാണം ആരംഭിക്കുന്നത്. 50 വീടുകളാണ് തണൽ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്നതെന്ന് ഹൈബി ഈഡൻ എം എൽ എ പറഞ്ഞു. പ്രളയം ആരംഭിച്ച ദിനം മുതൽ സജീവമായി കേരളത്തിലെ ജനതയോടൊപ്പം നിന്ന ഒരു വ്യവസായ ഗ്രൂപ്പാണ് വി കെ എൽ എന്ന് എം എൽ എ പറഞ്ഞു. കഴിഞ്ഞ ദിവസം തണൽ ഭവന പദ്ധതിയിലെ നിർമ്മാണം പൂർത്തികരിച്ച ആറാമത്തെ വീടിന്റെ താക്കോൽ ദാനം രാഹുൽഗാന്ധി നിർവഹിച്ചിരുന്നു .
ഹൈബി ഈഡൻ എം എൽ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ ആന്റണി,ചേരാനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, വൈസ് പ്രസിഡന്റ് സികെ രാജു, വാർഡ് മെമ്പർ സംഗീത കെ റ്റി തുടങ്ങിയവർ പങ്കെടുത്തു.