മനാമ: കോവിഡ് ബാധിച്ച് ബഹ്റൈനിൽ മരണപ്പെടുന്ന മലയാളികളുടെ നിരാലംബരായ കുടുംബത്തെ സഹായിക്കാൻ ബഹ്‌റൈൻ കേരളീയ സമാജം പ്രഖ്യാപിച്ച ധനസഹായം, 04/08/2020 ന് ബഹറിനിൽ കൊറോണ മൂലം മരണപ്പെട്ട കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ സ്വദേശിയായ സജിയുടെ ഭാര്യ ഷീജ സജിയ്ക്ക്, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ കൈമാറി. ടി സി വാസു, അജയൻ, ശ്രീനിവാസൻ, സാമിക്കുട്ടി, ലാലു, സന്തോഷ്, ജിതിൻ എന്നീ പ്രാദേശിക സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും സന്നിഹിതരായിരുന്നു.
ബഹ്‌റൈൻ കേരളീയ സമാജത്തിനും ഈ സദുദ്യമത്തിന് കാരണക്കാരായ ഭാരവാഹികൾക്കും സജിയുടെ കുടുംബത്തിന്റെ നിസ്സീമമായ നന്ദി അറിയിച്ചതായി കട്ടിപ്പാറ പഞ്ചായത്തു പ്രസിഡന്റ് ബേബി രവീന്ദ്രൻ പറഞ്ഞു.
സുമനസ്സുകളായ വ്യക്തികളുടെ സഹകരണം കൊണ്ടാണ് ഇത്തരത്തിലുള്ള സഹായങ്ങൾ ചെയ്യാൻ കഴിയുന്നതെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും വാർത്താക്കുറിപ്പിൽ പറഞ്ഞു.