മനാമ: ജന്മനാട്ടിലേക്ക് തിരികെ മടങ്ങുന്ന നിരാലംബരായ പ്രവാസികള്‍ക്ക് ഹോപ് ബഹ്റൈൻ നൽകി വരുന്ന ‘ഗള്‍ഫ് കിറ്റ്’ വിതരണം തുടരുന്നു. പ്രതിസന്ധിഘട്ടത്തില്‍ ജോലി നഷ്ട്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവരുടെ കുടുംബങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ അടങ്ങിയതാണ് കിറ്റ്. രണ്ടാഴ്ച്ചക്കുള്ളില്‍ ആറ് പേര്‍ക്ക് പ്രതീക്ഷയുടെ കിറ്റുകള്‍ നല്‍കിയതായി ഹോപ്പ് ഭാരവാഹികള്‍ വ്യക്തമാക്കി.
ഹോപ്പ് ബഹ്‌റൈന്റെ വാര്‍ത്താക്കുറിപ്പ്
രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രം പ്രതീക്ഷയുടെ ഗള്‍ഫ് കിറ്റുമായി യാത്രയായത് ആറ് പേര്‍.
അഞ്ച് മാസത്തിലധികമായി ശമ്പളം ലഭിക്കാതെ സാമ്പത്തികമായി പ്രതിസന്ധിയിലായ ആലപ്പുഴ സ്വദേശിയുടെ ഭാര്യയെ നാട്ടിലെത്തിക്കാന്‍ ഹോപ്പിന്റെ നേതൃത്വത്തില്‍ സഹായം ലഭ്യമാക്കി. കോവിഡ് വ്യാപനത്തിന്റെ പ്രാരംഭത്തില്‍ തന്നെ ഭാര്യയുടെ ജോലിയും നഷ്ടപ്പെട്ടിരുന്നതിനാല്‍, ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടിയിരുന്ന പ്രവാസി കുടുംബത്തിന് രണ്ടു തവണ ഭക്ഷണ കിറ്റുകള്‍ എത്തിച്ചു നല്‍കിയിരുന്നു. ഇപ്പോള്‍ നാട്ടിലേയ്ക്ക് വെറും കൈയോടെ യാത്രയാവുമ്പോള്‍ മക്കള്‍ക്ക് സമ്മാനങ്ങളടങ്ങിയ ഹോപ്പിന്റെ ഗള്‍ഫ് കിറ്റും, യാത്രാചിലവിനു പോലും പണമില്ലാത്തതിരുന്നതിനാല്‍ യാത്രാചിലവിലേയ്ക്കായി ബി.ഡി 15,000/ യും നല്‍കി. കൂടാതെ ഹോപ്പിന്റെ ഇടപെടലില്‍ യാത്രയ്ക്കാവശ്യമായ ടിക്കറ്റും ലഭ്യമാക്കിയെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ആറു മാസത്തോളമായി ശമ്പളം ലഭിക്കാതിരുന്ന ചെങ്ങന്നൂര്‍ സ്വദേശിയെയും ഇതേ ഫ്‌ലൈറ്റില്‍ ഹോപ്പിന്റെ ഇടപെടലില്‍ ടിക്കറ്റ് അറേഞ്ച് ചെയ്ത് യാത്രയാക്കാന്‍ സാധിച്ചു. കൂടാതെ അദ്ദേഹത്തിനും, മക്കള്‍ക്ക് സമ്മാനങ്ങള്‍ അടങ്ങിയ ഹോപ്പിന്റെ ഗള്‍ഫ് കിറ്റും, യാത്രാചിലവിന് ചെറിയൊരു സാമ്പത്തിക സഹായവും നല്‍കി യാത്രയാക്കാന്‍ സാധിച്ചു.
ദീഘനാളായി ജോലിയില്ലാതിരുന്ന ശേഷമാണ് കോഴിക്കോട് സ്വദേശിയായ സഹോദരന് മൂന്നുമാസം മുമ്പ് ജോലി ലഭിച്ചത്. പക്ഷെ നിര്‍ഭാഗ്യമെന്ന് പറയട്ടെ ജോലി ചെയ്യുന്ന കമ്പനി കൃത്യമായ ശമ്പളം നല്‍കുന്നുമില്ല. ഇതിനിടയിലാണ് ആറ് സഹോദരിമാരിലൊരാളുടെ വിവാഹം വീട്ടുകാര്‍ തീരുമാനിക്കുന്നത്. രോഗിയായ പിതാവുള്‍പ്പെടുന്ന കുടുംബത്തിന്റെ അവസ്ഥ തീര്‍ത്തും മോശവുമാണ്. കോവിഡ് കാലമായതിനാല്‍ അധികം ചിലവില്ലാതെ ഒരാളെ ഏല്‍പ്പിക്കാമല്ലോ എന്ന് കരുതിയാണ് വീട്ടുകാര്‍ ഈ തീരുമാനമെടുത്തത്. ഏകസഹോദരന്റെ സാന്നിധ്യമെങ്കിലും പ്രതീക്ഷിച്ചപ്പോള്‍ യാത്രയ്ക്കൊ വിവാഹത്തിനോ ധരിക്കാന്‍ നല്ല വസ്ത്രം പോലുമില്ലെന്ന ദുഃഖം ഹോപ്പ് പ്രവര്‍ത്തകരോട് പങ്കുവയ്ക്കുകയായിരുന്നു. അവസ്ഥ മനസിലാക്കിയ ഹോപ്പ് അദ്ദേഹത്തിന്റെ സഹോദരിമാര്‍ക്ക് സമ്മാനങ്ങള്‍ അടങ്ങിയ ഗള്‍ഫ് കിറ്റും, യാത്രയ്ക്കും വിവാഹത്തിനും ധരിക്കാന്‍ വസ്ത്രങ്ങളും, യാത്രാചിലവിലേയ്ക്കായി ചെറിയൊരു സാമ്പത്തിക സഹായവും നല്‍കി യാത്രയാക്കി.
അസ്രിയിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി തൊഴിലാളിയായിരുന്ന കൊല്ലം സ്വദേശിയായ സഹോദരന്‍, ഏഴുമാസമായി ശമ്പളം ലഭിക്കാത്തതുമൂലം വെറും കൈയോടെ യാത്രയാകുന്ന അവസ്ഥ അറിഞ്ഞപ്പോള്‍, കുടുംബാംഗങ്ങള്‍ക്ക് സമ്മാനങ്ങള്‍ അടങ്ങിയ ഹോപ്പിന്റെ ഗള്‍ഫ് കിറ്റ് നല്‍കി അദ്ദേഹത്തെയും വെറും കൈയോടെയല്ലാതെ യാത്രയാക്കാന്‍ സാധിച്ചു.
വീട്ടിലെ ബുദ്ധിമുട്ട് കാരണം എട്ട് മാസം മുമ്പ് ഒരു കാര്‍ വാഷ് സ്ഥാപനത്തില്‍ ജോലിക്ക് വന്ന കൊല്ലം സ്വദേശിയായ സഹോദരന്, തുശ്ചമായ ആ ശമ്പളം പോലും കൃത്യമായി ലഭിക്കാതെയായതിനാല്‍ വലിയ ദുരിതത്തിലായിരുന്നു. സുമനസുകളുടെ സഹായം കൊണ്ടാണ് ഭക്ഷണം പോലും കഴിച്ചു പോന്നിരുന്നത്. ഇദ്ദേഹം വെറും കൈയോടെ നാട്ടിലേയ്ക്ക് പോകുന്ന അവസ്ഥ മനസിലാക്കി, കുടുംബാങ്ങള്‍ക്ക് സമ്മാനങ്ങള്‍ അടങ്ങിയ ഗള്‍ഫ് കിറ്റ് നല്‍കി യാത്രയാക്കാന്‍ ഹോപ്പിന് സാധിച്ചു.
വീട്ടിലെ ബുദ്ധിമുട്ടുകളില്‍ അവര്‍ക്കൊരു കൈത്താങ്ങാകും എന്ന പ്രതീക്ഷയോടെയാണ് കോട്ടയം മുണ്ടക്കയം സ്വദേശിയായ ടീനേജുകാരന്‍ ഈ ഫെബ്രുവരി മാസത്തില്‍ ബഹ്‌റൈനിലേയ്ക്ക് വന്നത്. പക്ഷെ ആ കമ്പനിയുടെ പുതിയൊരു സംരംഭം ആയിരുന്നതിനാല്‍, പ്രതീക്ഷിച്ച ബിസിനസ് ഇല്ലെന്ന കാരണത്താല്‍, തുടക്കം തന്നെ വാഗ്ദാനം ചെയ്ത ശമ്പളംനല്‍കിയില്ല. കൊറോണ കൂടി വന്നതോടെ ജോലിയോ ശമ്പളമോ ഇല്ലാതെയായി. നല്ല കുറച്ചു സുഹൃത്തുക്കളുടെ കാരുണ്യത്തിലാണ് കഴിഞ്ഞ അഞ്ചു മാസമായി താമസവും ഭക്ഷണവും കഴിഞ്ഞു പോന്നിരുന്നത്. മറ്റൊരു ജോലിക്കായുള്ള അന്വേഷണം ഫലം കാണാതെയായപ്പോള്‍ ഇനിയും സുഹൃത്തുക്കളെ ബുദ്ധിമുട്ടിക്കാന്‍ മനസ്സനുവദിക്കാതെ വെറും കൈയോടെ നാട്ടിലേയ്ക്ക് മടങ്ങാന്‍ തീരുമാനിച്ചു. വിവരം അറിഞ്ഞ ഈ സഹോദരനെയും ഹോപ്പിന്റെ ഗള്‍ഫ് കിറ്റ് നല്‍കി യാത്രയാക്കാന്‍ ഇന്ന് സാധിച്ചു.
കോവിഡ് കാലാരംഭം മുതല്‍ ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്കും സഹോദരങ്ങള്‍ക്കും ഭക്ഷണ കിറ്റ് എത്തിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുമ്പോഴും, നാട്ടിലേക്കുള്ള മടക്കയാത്രയില്‍ ഒരാളും വെറും കൈയോടെ മടങ്ങരുതെന്ന് ഹോപ്പ് ആഗ്രഹിക്കുന്നു. അതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുന്നു.