ന്യൂഡല്‍ഹി: കൊവിഡില്‍ നിന്ന് മുക്തരായവരില്‍ വീണ്ടും വൈറസ് ബാധയുണ്ടാകുന്നു എന്നതില്‍ തെളിവില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ വൈറസിന്റെ തിരിച്ചുവരവ് ഉണ്ടാകുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാറുകള്‍ അറിയിച്ചിരുന്നു. എന്നാല്‍ അതിന് വ്യക്തമായ തെളിവുകള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് ഐസിഎംആര്‍ പറയുന്നത്. വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.
പൂര്‍ണ്ണമായും രോഗമുക്തി നേടിയവര്‍ക്ക് വീണ്ടും വൈറസ് ബാധയേറ്റതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐസിഎംആര്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. കൊവിഡിന്റെ പോസ്റ്റ്-വൈറല്‍ ലക്ഷണങ്ങളായിരിക്കും ഇത്തരത്തിലുള്ള സംശയത്തിന് കാരണമായതെന്ന് ഐസിഎംആര്‍ ഉദ്യോഗസ്ഥന്‍ ഗിരിധര ബാബു പറയുന്നു. വിശദമായ ശാസ്ത്രീയ പഠനത്തിന് ശേഷം മാത്രമെ ഇത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭ്യമാവുകയുള്ളുവെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം ചില വ്യക്തികളില്‍ വൈറസിന്റെ സാനിധ്യം കൂടുതല്‍ കാലം ഉണ്ടാകാന്‍ സാധ്യയുണ്ടെന്ന് കൊവിഡ് ക്ലിനിക്കല്‍ ഇന്‍വെസ്റ്റിഗേറ്ററായ ശശികിരണ്‍ ഉമാകാന്ത് വ്യക്തമാക്കി. ഇന്ത്യയില്‍ കോവിഡ് മുക്തി നേടിയ വ്യക്തിയില്‍ വീണ്ടും വൈറസ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ദ്വാരകയിലെ ആകാശ് ഹെല്‍ത്ത്‌കെയര്‍ എന്നീ ആശുപത്രികളുലെ ഡോക്ടര്‍മാര്‍ വിശദ റിപ്പോര്‍ട്ടുകള്‍ സഹിതമാണ് രോഗബാധ വീണ്ടും വരുന്നുണ്ടെന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ വിശകലനങ്ങളൊന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുവരെ നല്‍കിയിരുന്നില്ല.