2018 ൽ കേരളത്തെ ഏറ്റവും ഭീതിജനകമായി പിടിച്ചു കുലുക്കിയ ഒന്നായിരുന്നു നിപ വൈറസ്. നിപ യോടുള്ള പ്രതിരോധം ചരിത്ര താളുകളിൽ രേഖപ്പെടുത്തിയപ്പോൾ ഏവരുടെയും ഹൃദയത്തിൽ കോറിയിട്ട് കടന്നുപോയ മാലാഖയായിരുന്നു നഴ്സ് ലിനി. തൻറെ കർത്തവ്യങ്ങൾക്ക് ജീവനേക്കാൾ വില നൽകി ഒരു നാടിനൊട്ടാകെ പ്രതീക്ഷയുടെയും പോരാട്ടത്തിന്റെയും ഊർജ്ജങ്ങൾക്ക് നിറം പകർന്ന് ലിനി യാത്രയായപ്പോൾ കേരളം വിതുമ്പിയിരുന്നു. അമ്മയെ നഷ്ടപ്പെട്ട പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചു ബഹ്‌റൈൻ പ്രവാസിയായിരുന്ന ഭർത്താവ് സജീഷിൻറെ ചിത്രങ്ങൾ മായാത്ത മുറിവായ് ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചു. അപ്രതീക്ഷിതമായി കടന്നു വന്ന ഒരു ദുരന്തത്തിൽ അനശ്വര രക്ത സാക്ഷിയായ് ലിനി കടന്നു പോയപ്പോൾ തൻറെ മകൻറെ ആറാം പിറന്നാളിന്, അമ്മയില്ലാത്ത ആദ്യ പിറന്നാളിനു മകനെ ഒരുക്കി സ്കൂളിലേക്ക് അയച്ച ഒരു അച്ഛന്റെ നൊമ്പരത്തോടെയുള്ള സജീഷിൻറെ കുറിപ്പ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കയാണ്.
സജീഷ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചതിങ്ങനെ:
“റിതുലിന്റെ ആറാം പിറന്നാൾ
ജന്മദിനങ്ങൾ നമുക്ക് എന്നും സന്തോഷമുളള ദിവസമാണ് അത് മക്കളുടേതാണെങ്കിൽ അതിലേറെ സന്തോഷവും ഒരു ഓർമ്മപ്പെടുത്തലുമാണ്.
ലിനി…. നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാൾ.
അവന് ഇന്ന് പുതിയ ഡ്രസ്സും കേക്കും കിട്ടിയതിന്റെ സന്തോഷത്തിലാ…
ചെറുതായി പനി ഉണ്ടെങ്കിലും
അവന്റെ കൂട്ടുകാർക്കൊക്കെ സമ്മാനമായി പെൻസിലും റബ്ബറും ഒക്കെ വാങ്ങിയിട്ടാണ് സ്കൂളിൽ പോയത്.
കളിയും ചിരിയും കുസൃതിയും നിറഞ്ഞ ആറു വർഷങ്ങൾ പോയതറിഞ്ഞില്ല.
മോന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു.
ഉമ്മ ഉമ്മ ഉമ്മ!”