മനാമ: മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തിൽ സന്താന പരിപാലനത്തിൽ രക്ഷിതാക്കൾ സ്വീകരിക്കേണ്ട നൂതന മാർഗ്ഗങ്ങളെ കുറിച്ച് ബഹ്‌റൈൻ ഇസ്ലാഹി സെന്റർ വെബിനാർ സംഘടിപ്പിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും പ്രശസ്ത മോട്ടിവേറ്ററുമായ ഡോക്ടർ ഇസ്മായിൽ മറുതേരി രക്ഷിതാക്കൾക്ക് ക്‌ളാസ്സ് എടുത്തു.
കുട്ടികളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിൽ അനിവാര്യമാണെങ്കിൽ കാതലായ മാറ്റങ്ങൾ വരുത്താൻ രക്ഷിതാക്കൾ തയ്യാറാകണമെന്നും അവരുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ അതിനനുസരിച്ചു അവരോടു പെരുമാറുവാൻ രക്ഷിതാക്കളും പരിശീലിക്കേണ്ടതാണെന്നും അദ്ദേഹം നിർദ്ദേശിച്ചു. കുട്ടികളുടെ താല്പര്യങ്ങൾ മനസ്സിലാക്കി അതിലൂടെ പഠനത്തിലേക്ക് കൊണ്ട് വരണം. മൂന്നു രീതിയിലുള്ള വായനകൾ അവരെ നിരന്തരം പരിശീലിപ്പിക്കേണ്ടതാണ്. നിഷേധ കാര്യങ്ങൾ പറയേണ്ടി വന്നാൽ പകരം ചെയ്യുവാനുള്ള മാർഗങ്ങൾ കാണിച്ച് കൊടുക്കണം. അവരോട് ഉള്ളിൽ തട്ടുന്ന രീതിയിൽ ഗുണ കാംക്ഷയോടെ സംവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫിലും നാട്ടിലുമുള്ള നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ ബഹ്‌റൈൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് സഫീർ നരിക്കോട് സ്വാഗതവും സിറാജ് നന്ദിയും പറഞ്ഞു.