ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ദിനം പ്രതി വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 78,761 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 35,42,733 ആയി ഉയര്‍ന്നു. ഇന്നലെ 948 പേരാണ് മരണപ്പെട്ടത്. 63498 ആണ് രാജ്യത്തെ ആകെ മരണ നിരക്ക്. അതേസമയം 27,13,933 പേര്‍ രോഗമുക്തരായി. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 76.60 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ആഗസ്റ്റ് 4ന് ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതി ദിന രോഗബാധ നിരക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 213 ദിവസം കൊണ്ടാണ് ഇന്ത്യ രോഗികളുടെ എണ്ണത്തില്‍ 35 ലക്ഷം കടന്നത്. കഴിഞ്ഞ ഒരാഴ്ച്ചകൊണ്ട് 5 ലക്ഷത്തിനടുത്ത് കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ 16,867 പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 7,64,281 ആയി. 328 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 24,103 ആയി. ആന്ധ്രയില്‍ 10,548 , കര്‍ണാടകയില്‍ 8,324, തമിഴ്നാട്ടില്‍ 6,352 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ ഉത്തര്‍ പ്രദേശ് 5684, പശ്ചിമ ബംഗാള്‍ 3012, രാജസ്ഥാന്‍ 1407, ജാര്‍ഖണ്ഡ് 1,299 എന്നിങ്ങനയാണ് പ്രതി ദിന രോഗബാധ നിരക്ക്. 4.14 കോടി സാംപിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്നലെ 10.55 ലക്ഷം സാംപിളുകളാണ് പരിശോധിച്ചത്. ഈ മാസം 17നാണ് ഇന്ത്യ മൂന്ന് കോടി പരിശോധന പൂര്‍ത്തിയാക്കിയത്.
അതേസമയം കേരളത്തില്‍ ഇന്നലെ 2397 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 408 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 379 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 234 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 225 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.