ന്യൂയോര്‍ക്ക്: മുന്‍ ഡബ്ല്യുഡബ്ല്യുഇ താരവും ഹോളിവുഡ് നടനുമായ വെയ്ന്‍ ‘ദി റോക്ക്’ ജോണ്‍സനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡീയോയിലാണ് താരം ഇക്കാര്യം അറിയിച്ചത്. ഒരാഴ്ച്ച മുന്നെയാണ് തനിക്കും കുടുബത്തിനും രോഗബാധയുണ്ടെന്ന് അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ എല്ലാവരോടും വൈറസിനെ പ്രതിരോധിക്കാനും രോഗവ്യാപനം തടയാനും വേണ്ട മുന്‍കരുതല്‍ എടുക്കാനും ആവശ്യപ്പെട്ടു. നിലവില്‍ ഭാര്യയുടെയും കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് താരം അറിയിച്ചു.
‘ഒരു കൂടുംബം എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഞങ്ങള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു കോവിഡ്. പല രീതിയിലുള്ള അപകടങ്ങളും എനിക്ക് ഇതിന് മുമ്പ് സംഭവിച്ചിട്ടുണ്ട്. രോഗം എനിക്ക് മാത്രം വന്നാല്‍ മതിയായിരുന്നു എന്ന് ഞാന്‍ ആഗ്രഹിച്ചു. എനിക്ക് ഏറ്റവും പ്രധാനം എന്റെ കുടുംബത്തിന്റെ സുരക്ഷയാണ്.’ എന്ന് വെയ്ന്‍ ജോണ്‍സണ്‍ വീഡിയോയില്‍ പറഞ്ഞു.