മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കെ മലയാളി ബഹ്‌റൈനില്‍ പൊള്ളലേറ്റ് മരണപ്പെട്ടു. മലപ്പുറം ആതവനാട് സ്വദേശി ഗോപാലന്‍ ടി.പി (63) ആണ് മരിച്ചത്. ഇന്ന് ബഹ്‌റൈനില്‍ നിന്ന് കോോഴിക്കോടേക്ക് പുറപ്പെടുന്ന വിമാനത്തില്‍ നാട്ടിലെത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നു. ദീര്‍ഘ കാലമായി ബഹ്‌റൈനിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
ബുധനാഴ്ച്ച താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിലാണ് ഗോപാലന് ഗുരുതരമായി പരിക്കേറ്റത്. തീപിടുത്ത വിവരം അറിഞ്ഞ് അയല്‍വാസികളെത്തുന്നതിന് മുന്‍പ് തന്നെ ഗോപാലന്‍ മുറിയില്‍ പൊള്ളലേറ്റ നിലയിലായിരുന്നു. ഒപ്പമുണ്ടായിരുന്ന ഗോവ സ്വദേശി പൊള്ളലേറ്റ് ചികിത്സയിലാണ്.
35 വര്‍ഷമായി ബഹ്‌റൈനിലാണ് ഗോപാലന്‍ തൊഴിലെടുക്കുന്നത്. യാത്രയ്ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. വിമലയാണ് ഭാര്യ. മക്കള്‍: വിപിന്‍, ഷീന, നന്ദന.