റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് രാത്രികാലങ്ങളിലും ജോലി ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട് തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തി. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തൊഴില്‍ നിയമ ഭേദഗതി അംഗീകരിച്ചത്. സ്ത്രീകളെ അപകടകരമായ ചില ജോലികളില്‍ നിയമിക്കാതിരിക്കുന്നതും, രാത്രി ചില സമയങ്ങളില്‍ ജോലിക്ക് വെക്കാതിരിക്കുന്നതുമായ തൊഴില്‍ നിയമത്തിലെ 149, 150 വകുപ്പുകളാണ് റദ്ദാക്കിയിരിക്കുന്നത്.
പുതിയ ഭേതഗതിയനുസരിച്ച് ഇനി സ്ത്രീകളെ ഖനികളിലും ക്വാറികളിലും ജോലിക്ക് നിയമിക്കാം. എന്നാല്‍ ഭേദഗതി ചെയ്ത 186-ാം വകുപ്പ് പ്രകാരം 18 വയസ്സിന് താഴെയുള്ള ആരെയും ഇത്തരം സ്ഥലങ്ങളില്‍ ജോലിക്ക് വെക്കാന്‍ പാടില്ല. തൊഴിലാളികളുടെ ജീവന് അപകടമായ ജോലികള്‍ ഏതാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രി നിര്‍ണയിക്കും. കൂടാതെ സ്ഥിരമായോ ഭാഗികമായോ ജോലിക്ക് നിയമിക്കുന്നതിന് വിലക്കുള്ള വിഭാഗങ്ങളെയും പ്രത്യേക വ്യവസ്ഥകളോടെ ജോലിക്ക് അനുവദിക്കുന്ന വിഭാഗങ്ങളെയും മന്ത്രിക്ക് നിര്‍ണയിക്കാമെന്ന് ഭേദഗതി ചെയ്ത 131-ാം വകുപ്പില്‍ വ്യക്തമാക്കുന്നു.
സ്ത്രീശാക്തീകരണത്തിനും തൊഴിലാകളുടെ സംരക്ഷിക്കുന്നതിനും സൗദി നടത്തി വരുന്ന ശ്രമങ്ങളാണ് പുതിയ നിയമ ഭേദഗതിക്ക് കാരണം ശൂറാ കൗണ്‍സില്‍ അംഗവും നിയമ വിദഗ്ധനുമായ ഫൈസല്‍ അല്‍ഫാദിലിനെ ഉദ്ധരിച്ച് ‘മലയാളം ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.