മനാമ: കോവിഡ് പ്രതിരോധ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ പൊതുജനങ്ങള്‍ കാണിക്കുന്ന ആത്മാര്‍ത്ഥ സഹകരണത്തെ പ്രശംസിച്ച് പബ്ലിക് സെക്യൂരിറ്റി അസിസ്റ്റന്റ് ചീഫ് ബ്രഗേഡിയര്‍ ഡോ. ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ കാണിക്കുന്ന പ്രതിബദ്ധതയെ അദ്ദേഹം പ്രത്യേകം പരമാര്‍ശിച്ചു. പൊതു സമൂഹത്തില്‍ വൈറസിനെ പറ്റിയുള്ള അവബോധം വളര്‍ത്തുന്നതില്‍ പൊലീസ് മേധാവികള്‍ നടത്തിവരുന്ന നടപടികളെ മികച്ചതാണ്. പൊതു ഇടങ്ങളില്‍ മാസ്‌ക്ക് ധരിക്കുന്നതും, സാമൂഹ്യ അകലം പാലിക്കുന്നതും ഉറപ്പാക്കുന്നതില്‍ പൊലീസിന്റെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈനിലെ കൊവിഡ് പ്രതിരോധ നടപടി ലംഘന കേസുകളുടെ കണക്കുകളും ഡോ. ഷെയ്ഖ് ഹമദ് പുറത്തു വിട്ടു. 23729 കേസുകളാണ് പൊതു സ്ഥലങ്ങളില്‍ മാസ്‌ക്ക് ധരിക്കാത്തതിന് രാജ്യത്ത് പുതുതായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നോര്‍ത്തേണ്‍ ഗവര്‍ണറേറ്റിന്റെ കീഴില്‍ സാമൂഹ്യ അകലം പാലിക്കാത്തതിന് 1538 കേസുകളും, മാസ്‌ക്ക് ധരിക്കാത്ത 5306 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കാത്ത 1138 കേസുകളും, മാസ്‌ക്ക് ധരിക്കാത്ത 5974 കേസുകളും മുഹാറഖ് ഗവര്‍ണറേറ്റില്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം 2312 പേര്‍ക്കെതിരെ സാമൂഹ്യ അകലം പാലിക്കാത്തതിനും 3133 പേര്‍ക്കെതിരെ മാസ്‌ക്ക് ധരിക്കാത്തതിനും സതേണ്‍ ഗവര്‍ണറേറ്റ് കേസ് എടുത്തു.
ഏകദേശം 367 പ്രതിരോധ നടപടികളാണ് സാമൂഹിക അകലം പാലിക്കുന്നതിനായി കാപിറ്റല്‍ ഗവര്‍ണറേറ്റിലെ പൊലീസ് മേധാവികള്‍ സ്വീകരിച്ചത്. അതോടൊപ്പം 3853 പേര്‍ക്കെതിരെ മാസ്‌ക്ക് ധരിക്കാത്തതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പബ്ലിക് സെക്യൂരിറ്റി പ്രസിഡന്‍സിയുടെ ഓപ്പറേഷന്‍ ഡയറക്ടറേറ്റിന് മാസ്‌ക്ക് സംബന്ധമായ 5186 കേസുകളാണ് ഇതുവരെ ലഭിച്ചത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പോര്‍ട്ട്സ് സെക്യൂരിറ്റി മാസ്‌ക്ക് ധരിക്കാത്ത 97 പേര്‍ക്കെതിരെ കേസെടുത്തു. അതോടൊപ്പം ബഹ്‌റൈനില്‍ നിന്ന് 17048 യാത്രക്കാരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും വിദേശത്ത് നിന്ന് എത്തിയ 80864 യാത്രക്കാരെ പരിശോധനയ്ക്ക് വിധേമാക്കുന്നതിനും സൗകര്യമൊരുക്കുകയും ചെയ്തു.