മനാമ: മലപ്പുറം ജില്ലയിലെ തിരുന്നാവായ, പട്ടർനടക്കാവ് സ്വദേശി അലവി(40) ബഹ്റൈനിൽ നിര്യാതനായി. ഇസാ ടൗണിലെ ജോലി സ്ഥലത്ത് വെച്ചുണ്ടായ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ബഹ്റൈനിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സുപരിചിതനും സജീവ സാന്നിധ്യവുമായിരുന്ന വ്യക്തിയായിരുന്നു. ഉമ്മുൽഹസം ഏരിയ സമസ്തയുടെയും ബഹ്റൈൻ കെ എം സി സി യുടെയും സജീവ പ്രവർത്തകനായിരുന്നു. ഭാര്യയും രണ്ട് കുട്ടികളും നാട്ടിലാണ്. മൃതദേഹം സൽമാനിയ മോർച്ചറിയിലേക്ക് മാറ്റി. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി സാമൂഹ്യ പ്രവർത്തകൻ സലാം മമ്പാട്ടുമൂല അറിയിച്ചു.